ഗോള്‍ഡന്‍ ചാന്‍സ്, അറിഞ്ഞ് കളിച്ചാല്‍ പ്ലേ ഓഫിലെത്താം; എതിരാളികളുടെ തോല്‍വിയില്‍ മയാമിക്ക് ലോട്ടറി
പോയിന്റ് പട്ടികയില്‍ തങ്ങളേക്കാള്‍ മുമ്പിലുള്ള മൂന്ന് ടീമുകള്‍ തോല്‍വി വഴങ്ങിയതോടെ ഇന്റര്‍ മയാമിക്ക് മുമ്പില്‍ അപ്രതീക്ഷിതമായി പ്ലേ ഓഫ് വാതിലുകള്‍ തുറക്കെപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡി.സി യുണൈറ്റഡ്, എഫ്.സി മോണ്‍ട്രിയല്‍, ഷാര്‍ലറ്റ് എഫ്.സി എന്നിവര്‍ പരാജയപ്പെട്ടതോടെയാണ് ഇന്റര്‍ മയാമിക്ക് മുമ്പില്‍ പ്രതീക്ഷയുടെ വെളിച്ചം വീണത്.
പോയിന്റ് പട്ടികയില്‍ എട്ട്, ഒമ്പത് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാം (ഒന്ന് മുതല്‍ ഏഴ് വരെയുള്ള ടീമുകള്‍ ഫൈനല്‍ സീരീസിലേക്ക് പ്രവേശിക്കും). നിലവില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 14ാം സ്ഥാനത്താണ് മയാമി. മറ്റ് ടീമുകളെ അപേക്ഷിച്ച് ഇനിയും മത്സരങ്ങള്‍ കളിക്കാന്‍ ബാക്കിയുണ്ട് എന്നതാണ് മയാമിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന ഘടകം.
കഴിഞ്ഞ ദിവസം ഡി.സി യുണൈറ്റഡിനെ ന്യൂയോര്‍ക് റെഡ് ബുള്‍സ് മൂന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. നിലവില്‍ 31 മത്സരത്തില്‍ നിന്നും 36 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ഡി.സി യുണൈറ്റഡ്.
ഹോം മത്സരത്തില്‍ എട്ടാം സ്ഥാനത്തുള്ള മോണ്‍ട്രിയലിന് അറ്റ്‌ലാന്റ യുണൈറ്റഡിനോടും പരാജയമേറ്റുവാങ്ങേണ്ടി വന്നിരുന്നു. 4-1നായിരുന്നു മോണ്‍ട്രിയലിന്റെ തോല്‍വി. നിലവില്‍ 30 മത്സരത്തില്‍ നിന്നും 37 പോയിന്റാണ് മോണ്‍ട്രിയലിനുള്ളത്.
13ാം സ്ഥാനത്തുള്ള ഷാര്‍ലെറ്റ് (29 മത്സരത്തില്‍ നിന്നും 33 പോയിന്റ്) ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് ടേബിള്‍ ടോപ്പേഴ്‌സായ സിന്‍സിനാട്ടിയോട് 3-0ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു.
30 മത്സരത്തില്‍ നിന്നും 34 പോയിന്റാണ് 11ാം സ്ഥാനത്തുള്ള ചിക്കാഗോക്ക് ഉള്ളത്. 12ാം സ്ഥാനത്തുള്ള ന്യൂയോര്‍ക് സിറ്റിക്കും 34 പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസമാണ് ചിക്കോഗോയെ മുമ്പിലെത്തിച്ചത്.
28 മത്സരത്തില്‍ നിന്നും 31 പോയിന്റാണ് മെസിയുടെ ഇന്റര്‍മയാമിക്കുള്ളത്. ഒമ്പതാം സ്ഥാത്തുള്ള ഡി.സി യുണൈറ്റഡിനെക്കാള്‍ അഞ്ച് പോയിന്റ് മാത്രമാണ് മയാമിക്ക് കുറവുള്ളത്.
ഇനി മൂന്ന് മത്സരങ്ങളാണ് ഇന്റര്‍ മയാമിക്ക് ബാക്കിയുള്ളത്. ഈ മത്സരത്തിലെല്ലാം ജയിക്കാന്‍ സാധിച്ചാല്‍ മയാമിക്ക് പ്ലേ ഓഫ് സാധ്യതകള്‍ തുറക്കപ്പെടും.
ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള കരുത്തരായ ഓര്‍ലാന്‍ഡോ സിറ്റിയെയാണ് ഇന്റര്‍ മയാമിക്ക് ഇനി നേരിടാനുള്ളത്. മത്സരത്തില്‍ രണ്ട് ഗോള്‍ വ്യത്യാസത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ മയാമിക്ക് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തെത്താം. ഒറ്റ ഗോള്‍ വ്യത്യാസത്തിലാണ് ജയിക്കുന്നതെങ്കില്‍ 11ാം സ്ഥാനത്താവും മയാമിയെത്തുക.
എന്നാല്‍ മെസിയും ജോഡി ആര്‍ബയും ഈ മത്സരത്തില്‍ കളിക്കില്ല എന്നതാണ് മയാമി ആരാധകരെ നിരാശയിലാഴ്ത്തുന്നത്.
സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് മയാമി – ഓര്‍ലാന്‍ഡോ പോരാട്ടം. ഓര്‍ലാന്‍ഡോ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എക്‌സ്‌പ്ലോറിയ സ്‌റ്റേഡിയമാണ് വേദി.
Content highlight: Inter Miami’s play off chances