പരിക്കേറ്റ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി എപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റു നോക്കുന്നത്. ഇപ്പോഴിതാ ലയണല്‍ മെസിയുടെ തിരിച്ചു വരവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്റര്‍ മയാമി താരം ജൂലിയന്‍ ഗ്രസല്‍.
മെസിയുടെ തിരിച്ചുവരവ് എം.എല്‍.എസിലെ മറ്റ് ടീമുകള്‍ ഭയത്തോടെയാണ് കാണുന്നതെന്നാണ് ജൂലിയന്‍ പറഞ്ഞത്. എം.എല്‍.എസ് റാപ്പിലൂടെ സംസാരിക്കുകയായിരുന്നു മയാമി താരം.
‘ഇത് ലയണല്‍ മെസിയാണ്. അദ്ദേഹം ടീമിനായി എന്ത് സംഭാവനകളാണ് നല്‍കുന്നതെന്ന് ഞാന്‍ കൂടുതല്‍ പറയേണ്ട ആവശ്യമില്ലെന്ന് കരുതുന്നു. അദ്ദേഹമില്ലാതിരുന്നിട്ട് കൂടിയും ഞങ്ങള്‍ വളരെ മികച്ച പ്രകടനമാണ് നടത്തിയത്. അദ്ദേഹം പരിക്കു മാറി ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ മറ്റു ടീമുകള്‍ അല്‍പ്പം ഭയത്തോടെ ഞങ്ങളെ നോക്കിക്കാണുമെന്ന് എനിക്കുറപ്പാണ്. ഫിറ്റ്‌നസ് വീണ്ടെടുത്തുകൊണ്ട് അദ്ദേഹത്തിന് മടങ്ങിവരാന്‍ രണ്ടാഴ്ച സമയമുണ്ട്. അടുത്ത മത്സരത്തില്‍ അദ്ദേഹത്തിന് ഞങ്ങളോടൊപ്പം കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ജൂലിയന്‍ പറഞ്ഞു.
സെപ്റ്റംബര്‍ 14ന് ഫിലാഡല്‍ഫിയക്കെതിരെ നടക്കുന്ന മത്സരത്തില്‍ മെസി തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മെസിയില്ലാതെ ഇറങ്ങിയ ഇന്റര്‍ മയാമി ലീഗ്സ് കപ്പില്‍ നിന്നും പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ലീഗ്സ് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യമായിരിക്കും ഇനി അമേരിക്കന്‍ ക്ലബ്ബിന്റെ മുന്നിലുണ്ടാവുക.
അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഇടം നേടാനും മെസിക്ക് സാധിച്ചില്ല.
മേജര്‍ ലീഗിലെ അവസാന മത്സരത്തില്‍ സിന്‍സിനാറ്റിക്കെതിരെ മയാമി 2-0ത്തിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍താരം ലൂയി സുവാരസിന്റെ ഇരട്ടഗോള്‍ കരുത്തിലാണ് മയാമി ജയിച്ചുകയറിയത്.