ഇന്റര്‍ മയാമി നായകന്‍ ലയണല്‍ മെസിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മയാമിയിലെ തന്റെ സഹതാരമായ റെഡാണ്ടോ. പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസിയുടെ തകര്‍പ്പന്‍ പ്രകടനങ്ങളെ അഭിനന്ദിച്ചു കൊണ്ടായിരുന്നു റെഡാണ്ടോ സംസാരിച്ചത്. ഇന്റര്‍ മയാമി ന്യൂസിലൂടെ സംസാരിക്കുകയായിരുന്നു മയാമി താരം.
‘മെസി വീണ്ടും തിരിച്ചെത്തി. അദ്ദേഹത്തെ നേരില്‍ കാണുന്നതും കളിക്കളത്തില്‍ ഒപ്പം കളിക്കുന്നതും ഞാന്‍ ശീലിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന് എനിക്ക് ഒരു സഹതാരമായി ലഭിക്കുന്നതു വളരെ സന്തോഷകരമാണ്. മെസി എക്കാലത്തെയും മികച്ച താരമാണ്,’ മയാമി താരം പറഞ്ഞു.
മേജര്‍ ലീഗ് സോക്കറില്‍ ഫിലാഡല്‍ഫിയക്കെതിരെയുള്ള മത്സരത്തിലാണ് മെസിയുടെ തകര്‍പ്പന്‍ തിരിച്ചുവരവിന് ഫുട്‌ബോള്‍ ലോകം സാക്ഷിയായത്. മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയത്.
എന്നാല്‍ പരിക്കേറ്റ് തിരിച്ചെത്തിയ മത്സരത്തില്‍ തന്നെ മിന്നും പ്രകടനമായിരുന്നു മെസി നടത്തിയത്. മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്. അതേസമയം മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ മൈക്കല്‍ ഉഹ്‌റയുടെ ഗോളിലൂടെ ഫിലാഡല്‍ഫിയയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 26, 30 എന്നീ മിനിട്ടുകളില്‍ മെസിയുടെ ഗോളുകളിലൂടെ മയാമി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
ഒടുവില്‍ ആദ്യ പകുതി അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ ഗോളുകളുടെ കരുത്തില്‍ മയാമി മുന്നിലെത്തി. രണ്ടാം പകുതിയില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ സൂപ്പര്‍താരം ലൂയി സുവാരസും ലക്ഷ്യം കണ്ടതോടെ മയാമി മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു. ഈ ഗോളിന് വഴിയൊരുക്കിയത് മെസിയായിരുന്നു.
അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു.
നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 28 മത്സരങ്ങളില്‍ നിന്നും 19 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമടക്കം 62 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി. സെപ്റ്റംബര്‍ 19ന് അറ്റ്‌ലാന്‍ഡ യുണൈറ്റഡിനെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. മേഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Inter Miami Player praises Lionel Messi