2023 യു.എസ് ഓപ്പൺ കപ്പ് ഇന്റർ മയാമിയെ തോൽപ്പിച്ച് ഹൂസ്റ്റൺ ഡൈനാമോ സ്വന്തമാക്കി. ഇന്റർ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്റർ മയാമിയെ തോൽപിച്ചുകൊണ്ടാണ് ഡൈനാമോ കിരീടം ഉയർത്തിയത്.
സൂപ്പർ താരം ലയണൽ മെസിയും ജോഡി ആൽബയും ഇല്ലാത്തത് ഇന്റർ മയാമിക്ക് തിരിച്ചടിയായി.
മത്സരത്തിൽ 4-3-3 ഫോർമേഷനിലാണ് മാർട്ടീനോ ഇന്റർ മയാമിയെ അണിനിരത്തിയത് മറുഭാഗത്ത് 4-2-3-1 എന്ന ഫോർമേഷനിൽ ആയിരുന്നു ഡൈനാമോ കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 24ാം മിനിട്ടിൽ ഗ്രിഫിൻ ഡോർഫി ഡൈനാമോക്ക് വേണ്ടി ആദ്യ ഗോൾ നേടി. കൗണ്ടർ അറ്റാക്കിലൂടെ ഇന്റർ മയാമി പോസ്റ്റിലേക്ക് ഇരമ്പിക്കയറിയ ഡോർഫി പെനാൽട്ടി ബോക്സിനുള്ളിൽ നിന്നും പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.
മത്സരത്തിന്റെ 33ാം മിനിട്ടിൽ ഡൈനാമോക്ക് ലഭിച്ച പെനാൽട്ടി അമിനെ ഭാസി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ലീഡ് രണ്ടാക്കി ഉയർത്തി. ഇഞ്ചുറി ടൈമിൽ ജോസഫ് മാർട്ടിനസ് ഗോൾ നേടി ആരാധകർക്ക് പ്രതീക്ഷ നൽകി. സമനില ഗോളിനായി അവസാനം നിമിഷം വരെ ഇന്റർ മയാമി പോരാടിയെങ്കിലും ലക്ഷ്യം കാണാൻ സാധിക്കാതെ പോയത് മയാമിക്ക് തിരിച്ചടിയായി.
ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വിജയവും കിരീടവും ഡൈനാമോ സ്വന്തമാക്കുകയായിരുന്നു. എം.എൽ.എസ് വെസ്റ്റേൺ കോൺഫറൻസിൽ കളിക്കുന്ന ഹൂസ്റ്റൺ ഡൈനാമോയുടെ രണ്ടാം യു.എസ് ഓപ്പൺ കപ്പ് കിരീടമാണിത്. ഇതിന് മുമ്പ് 2018ലാണ് ഡൈനാമോ ഈ കിരീടം നേടിയത്.
ഇന്റർ മയാമിയിൽ പ്രധാന താരങ്ങളായ ലയണൽ മെസി ജോഡി ആൽബ എന്നിവർ കളിച്ചിരുന്നില്ല. ഇത് ഫൈനലിൽ കനത്ത തിരിച്ചടിയാണ് ടീമിന് നൽകിയത്. പരിക്ക് കാരണം ടീമിൽ സൂപ്പർ താരം മെസി ഉണ്ടായിരുന്നില്ല. കഴിഞ്ഞ മത്സരങ്ങൾ എല്ലാം താരത്തിന് നഷ്ടമായിരുന്നു. എന്നാൽ ഫൈനലിൽ മെസി തിരിച്ചു വരുമെന്ന് മത്സരത്തിന് മുമ്പ് കോച്ച് പ്രതീക്ഷ നൽകിയിരുന്നെങ്കിലും താരത്തിന് ഫൈനൽ നഷ്ടമാവുകയായിരുന്നു.
നേരത്തെ ഈ സീസണിൽ ഇന്റർ മയാമി ലീഗ്‌സ് കപ്പ് കിരീടം നേടിയിരുന്നു.
Content Highlight: Inter miami loss the U.S open cup final without Messi