| Sunday, 22nd October 2023, 9:06 am

മെസി ഇറങ്ങിയിട്ടും രക്ഷയില്ല; സീസണിലെ അവസാന അങ്കത്തിലും ഇന്റര്‍ മയാമിക്ക് തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് സോക്കറില്‍ തോല്‍വിയോടെ സീസണ്‍ അവസാനിപ്പിച്ച് ഇന്റര്‍ മയാമി. അവസാന മത്സരത്തില്‍ ഷാര്‍ലാറ്റ എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മയാമിയുടെ തോല്‍വി. സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങിയിട്ടും മയാമി തോല്‍വി നേരിടുകയായിരുന്നു.

ഷാര്‍ലാറ്റ എഫ്.സിയുടെ ഹോം ഗ്രൗണ്ടായ ബാങ്ക് ഓഫ് അമേരിക്കന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലായിരുന്നു ഇരുടീമും കളത്തിലിറങ്ങിയത്.

മത്സരത്തില്‍ 13ാം മിനിട്ടില്‍ കാര്‍വിന്‍ വര്‍ഗാസ് ആണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ഗോള്‍ തിരിച്ചടിക്കാന്‍ മയാമി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാന്‍ സാധിക്കാത്തത് ടീമിന് തിരിച്ചടിയായി.

മത്സരത്തിന്റെ 62ാം മിനിട്ടില്‍ ലഭിച്ച ഫ്രീകിക്ക് സൂപ്പര്‍താരം ലയണല്‍ മെസി ആതിഥേയരുടെ പോസ്റ്റിലേക്ക് ഉന്നം വെച്ചെങ്കിലും അത് നിര്‍ഭാഗ്യവശാല്‍ ക്രോസ്ബാറില്‍ തട്ടിപോവുകയായിരുന്നു. മത്സരത്തില്‍ ഇന്റര്‍ മയാമി ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 1-0ത്തിന് ഷാര്‍ലാറ്റ എഫ്.സി വിജയം പിടിച്ചെടുക്കുകയായിരുന്നു.

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വരവോടെ ലീഗില്‍ മികച്ച മുന്നേറ്റമായിരുന്നു മയാമി നടത്തിയത്. 11 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്. സൂപ്പര്‍ താരത്തിന്റെ നേതൃത്വത്തില്‍ മയാമിക്ക് ഇതുവരെ ഇല്ലാതിരുന്ന കിരീടം നേടാനും സാധിച്ചിരുന്നു.

എന്നാല്‍ സെപ്റ്റംബറിലെ ഇന്റര്‍നാഷണല്‍ ബ്രേക്കിനിടെ മെസിക്ക് പരിക്കേല്‍ക്കുകയും തുടര്‍ന്നുള്ള മത്സരങ്ങളെല്ലാം നഷ്ടമാവുകയും ചെയ്തിരുന്നു. ഇതാണ് ഇന്റര്‍ മയാമിക്ക് കടുത്ത തിരിച്ചടിയാണ് നല്‍കിയത്.

നേരത്തെ തന്നെ ഇന്റര്‍ മയാമിക്ക് പ്ലെഓഫ് സ്ഥാനം നഷ്ടമായിരുന്നു. അതേസമയം ഷാര്‍ലാറ്റ എഫ്.സിക്ക് പ്ലേ ഓഫ് സ്ഥാനം നേടാന്‍ വിജയം അനിവാര്യമായിരുന്നു.

സീസണ്‍ അവസാനിച്ചെങ്കിലും മയാമി നിരവധി സൗഹൃദ മത്സരങ്ങള്‍ കളിക്കും. നവംബര്‍ 5, 6 തീയതികളില്‍ ക്വിംഗ്ദാവോ ഹൈനിയു, ചെങ്ഡു റോങ്ചെങ് എന്നീ ടീമുകള്‍ക്കെതിരെ മയാമി സൗഹൃദ മത്സരങ്ങള്‍ കളിക്കും. ചൈനയില്‍ ആണ് മത്സരങ്ങള്‍ നടക്കുക.

Content Highlight: Inter Miami loss the last match of major league soccer.

We use cookies to give you the best possible experience. Learn more