മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് വീണ്ടും തോൽവി. ഇന്റർ മയാമിയുടെ ഹോം ഗ്രൗണ്ട് ആയ ഡി. ആർ.വി. പി.എൻ.കെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിൻസിനാറ്റി ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്റർ മയാമിയെ കീഴ്പെടുത്തിയത്.
സൂപ്പർ താരം ലയണൽ മെസി പരിക്ക് മാറി തിരിച്ചെത്തി എന്ന പ്രത്യേകതയും ഈ മത്സരത്തിന് ഉണ്ടായിരുന്നു. എന്നാൽ മെസി ഇറങ്ങിയിട്ടും മയാമി തോൽവി ഏറ്റുവാങ്ങിയത് ആരാധകരിൽ വലിയ നിരാശയാണ് സമ്മാനിച്ചത്.
മത്സരത്തിൽ 5-3-2 എന്ന ഫോർമേഷനിൽ ആയിരുന്നു മാർട്ടിനോ ടീമിനെ അണി നിരത്തിയത്. മറുഭാഗത്ത് 3-4-1-2 എന്ന ശൈലിയിൽ ആയിരുന്നു ആതിഥേയർ കളത്തിലിറങ്ങിയത്.
മത്സരത്തിന്റെ 79ാം മിനിട്ടിൽ അൽവാരോ ബാരിയലിലൂടെയാണ് സിൻസിനാറ്റി വിജയഗോൾ നേടിയത്. മത്സരത്തിൽ ഇന്റർ മയാമി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിജയം സന്ദർശകർ സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിന്റെ 55 മിനിട്ടിലായിരുന്നു സൂപ്പർ താരം ലയണൽ മെസി കളത്തിലിറങ്ങിയത്. ആ സമയങ്ങളിൽ ആരാധകർ സൂപ്പർതാരത്തിന്റെ തിരിച്ചുവരവ് ഒരു ആഘോഷമാക്കി മാറ്റി. ഗ്യാലറിയിൽ അദ്ദേഹത്തിന്റെ പേര് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടാണ് മയാമി ആരാധകർ മെസിയുടെ തിരിച്ചു വരവ് ആവേശമാക്കിയത്.
മത്സരത്തിൽ രണ്ട് ഫ്രീകിക്കുകൾ മെസിക്ക് ലഭിച്ചുവെങ്കിലും അത് ലക്ഷ്യം കാണാതെ പോവുകയായിരുന്നു. താരത്തിന്റെ തിരിച്ചുവരവിലും മയാമിക്ക് വിജയിക്കാൻ കഴിയാതെ പോയത് ആരാധകരിൽ നിരാശയാണ് സമ്മാനിച്ചത്.
സെപ്റ്റംബറിൽ നടന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കിടയിലാണ് മെസിക്ക് പരിക്കുപറ്റിയത്. പിന്നീട് ക്ലബ്ബിന്റെ മത്സരങ്ങളെല്ലാം അദ്ദേഹത്തിന് നഷ്ടമായിരുന്നു. മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ അവസാന നാല് മത്സരങ്ങളിലും പരാജയം നേരിട്ടിരുന്നു. യു.എസ് ഓപ്പൺ കപ്പ് കപ്പ് ഫൈനലിൽ മെസിയില്ലാതെ ഇറങ്ങിയ ഇന്റർമയാമിക്ക് കിരീടം നഷ്ടപ്പെട്ടിരുന്നു.
പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ മയാമിക്ക് ഇന്നത്തെ മത്സരം നിർണായകമായിരുന്നു. അടുത്ത മത്സരത്തിൽ താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
എം.എൽ.എസിൽ ഒക്ടോബർ 19ന് ചാർലോട്ടയുമായിട്ടാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Inter Miami loss in Major soccer league.