2024 ലീഗ്സ് കപ്പില്‍ നിന്നും ഇന്റര്‍ മയാമി പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ കൊളംബസ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മയാമിയെ പരാജയപ്പെടുത്തിയത്. ലോവര്‍ ഡോട്ട് കോം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-2-1 എന്ന ഫോര്‍മേഷനിലാണ് കൊളംബസ് കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-1-4-2 എന്ന ശൈലിയായിരുന്നു മയാമി പിന്തുടര്‍ന്നത്.
മത്സരം തുടങ്ങി പത്താം മിനിട്ടില്‍ തന്നെ മാറ്റിയാസ് റോജോസിലൂടെ മയാമിയാണ് ആദ്യം ലീഡ് നേടിയത്. ഈ ഗോളിന്റെ പിന്‍ബലത്തോടെ ആദ്യപകുതി സ്വന്തമാക്കിയ മയാമിക്ക് രണ്ടാം പകുതിയില്‍ പിഴക്കുകയായിരുന്നു.
രണ്ടാം പകുതിയിലാണ് മത്സരത്തിലെ ബാക്കിയുള്ള ഗോളുകളെല്ലാം പിറന്നത്. 62ാം മിനിട്ടില്‍ ഡിഗോ ഗോമസിലൂടെ മയാമി വീണ്ടും മുന്നിലെത്തി. എന്നാല്‍ പിന്നീടുള്ള നിമിഷങ്ങളില്‍ കളി കൈവിട്ടു കളയുകയായിരുന്നു മയാമി.
67ാം മിനിട്ടില്‍ ക്രിസ്ത്യന്‍ റാമിറസിലൂടെ കൊളംബസ് ഒരു ഗോള്‍ തിരിച്ചടിച്ചു. 69, 80 മിനിട്ടുകളില്‍ ഡീഗോ റോസി ഇരട്ട ഗോള്‍ നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ കൊളംബസ് അടുത്ത റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു. സമനില ഗോളിനായി അവസാനം നിമിഷം വരെ മികച്ച നീക്കങ്ങള്‍ മയാമി നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ സാധിക്കാതെ പോവുകയായിരുന്നു.
മത്സരത്തില്‍ 55 ശതമാനം ബോള്‍ പൊസഷന്‍ കൊളംബസിന്റെ അടുത്തായിരുന്നു. 19 ഷോട്ടുകളാണ് കൊളംബസ് മയാമിയുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. ഇതില്‍ എട്ട് എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് മയാമി 12 ഷോട്ടുകളില്‍ നിന്നും മൂന്നെണ്ണം ടാര്‍ഗറ്റിലേക്ക് എത്തിച്ചു.
സൂപ്പര്‍ താരം ലയണല്‍ മെസി ഇല്ലാതെയായിരുന്നു മയാമി കളത്തില്‍ ഇറങ്ങിയത്. സൂപ്പര്‍താരത്തിന്റെ അഭാവം മുന്നേറ്റ നിരയില്‍ അമേരിക്കന്‍ ക്ലബ്ബിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്കയുടെ ഫൈനലില്‍ ആയിരുന്നു മെസിക്ക് പരിക്ക് പറ്റിയത്. കൊളംബിയക്കെതിരെയുള്ള കലാശ പോരാട്ടത്തില്‍ കാലിന് പരിക്കേറ്റ താരം മത്സരം പൂര്‍ത്തിയാക്കാതെ കളം വിടുകയായിരുന്നു.
മെസിയുടെ അഭാവത്തില്‍ ലൂയി സുവാരസിനായിരുന്നു ഇന്റര്‍ മയാമിയുടെ മുന്നേറ്റ നിരയുടെ പൂര്‍ണ ഉത്തരവാദിത്തം ഉണ്ടായിരുന്നത്. എന്നാല്‍ സുവാരസിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു.
Content Highlight: Inter Miami Loss In Leagues Cup 2024