|

ബാലണ്‍ ഡി ഓര്‍ തിളക്കത്തിലും മെസിക്ക് കണ്ണുനീര്‍; തകര്‍ന്നടിഞ്ഞ് ഇന്റര്‍ മയാമി

സ്പോര്‍ട്സ് ഡെസ്‌ക്

എം.എല്‍.എസ് സീസണ്‍ അവസാനിച്ചതിന് ശേഷമുള്ള ആദ്യ സൗഹൃദ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി. ന്യൂയോര്‍ക്ക് സിറ്റി എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മയാമി പരാജയപ്പെട്ടത്.

എട്ടാം ബാലന്‍ണ്‍ ഡി ഓര്‍ നേട്ടവുമായി എത്തിയ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയത് ഇന്റര്‍ മയാമിക്ക് വലിയ തിരിച്ചടിയായി.

ഈ മത്സരത്തിന് മുന്നോടിയായി മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ ട്രോഫി ഇന്റര്‍ മയാമി ആരാധകര്‍ക്ക് സമര്‍പ്പിച്ചിരുന്നു. മയാമി ഹോം ഗ്രൗണ്ടില്‍ ട്രോഫിയുമായി നടന്നുകൊണ്ടായിരുന്നു മെസി തന്റെ അവിസ്മരണീയ നേട്ടം ആഘോഷമാക്കിയത്.

മത്സരത്തില്‍ ജയത്തോടെ തന്റെ ബാലണ്‍ ഡി ഓര്‍ നേട്ടം ഇന്റര്‍ മയാമിയില്‍ അവിസ്മരണീയമാക്കാന്‍ മെസിക്ക് സാധിക്കാതെ പോയത് വലിയ നിരാശയാണ് ആരാധകര്‍ക്ക് നല്‍കിയത്.

മത്സരത്തില്‍ മെസിക്ക് പുറമെ ജോഡി ആല്‍ബ, സെര്‍ജിയോ ബസ്‌ക്വറ്റ്‌സ് എന്നീ താരങ്ങളും ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു.

ഇന്റര്‍ മയാമിയുടെ തട്ടകമായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 44ാം യങ് ഗണ്‍ ടാലസ് മാഗ്‌നൊ ആണ് ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ 47ാം മിനിട്ടില്‍ ജൂലിയന്‍ ഫെര്‍ണാണ്ടസിലൂടെ സന്ദര്‍ശകര്‍ രണ്ടാം ഗോള്‍ നേടി. ഇതോടെ മത്സരത്തില്‍ ന്യൂയോര്‍ക്ക് സിറ്റി 2-0ത്തിന് മുന്നിട്ടുനിന്നു.


മറുപടി ഗോളിനായി മയാമി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ 81ാം മിനിട്ടില്‍ റോബിന്‍സണിലൂടെ മയാമി ഒരു ഗോള്‍ തിരിച്ചടിച്ചു. അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ന്യൂയോര്‍ക്ക് പ്രതിരോധം മറികടക്കാന്‍ മെസിക്കും കൂട്ടര്‍ക്കും സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന് ഇന്റര്‍ മയാമി സ്വന്തം ആരാധകരുടെ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.

Content Highlight: Inter Miami loss against New york city FC in friendly match.