മെസിയും, സുവാരസും ഇറങ്ങിയിട്ടും രക്ഷയില്ല; 2024ലെ ആദ്യ ജയത്തിനായി ഇന്റര്‍ മയാമി ഇനിയും കാത്തിരിക്കണം
Football
മെസിയും, സുവാരസും ഇറങ്ങിയിട്ടും രക്ഷയില്ല; 2024ലെ ആദ്യ ജയത്തിനായി ഇന്റര്‍ മയാമി ഇനിയും കാത്തിരിക്കണം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd January 2024, 8:43 am

2024ലെ രണ്ടാം സൗഹൃദ മത്സരത്തില്‍ ഇന്റര്‍മയാമിക്ക് തോല്‍വി. എഫ്.സി ഡാലസ് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ലൂയി സുവാരസ്, സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് എന്നിവര്‍ ഇറങ്ങിയിട്ടും ഇന്റര്‍മയാമി പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ സൗഹൃദ മത്സരത്തിലും അമേരിക്കന്‍ ക്ലബ്ബിന് വിജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. 2024ലെ ആദ്യ വിജയത്തിനു വേണ്ടി മെസിയും കൂട്ടരും ഇനിയും കാത്തിരിക്കേണ്ടി വരും.

കോട്ടണ്‍ ബൗള്‍ ക്ലാസിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-5-3 എന്ന ഫോര്‍മേഷനിലാണ് ഡാലസ് കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-5-2 എന്ന ശൈലിയുമായിരുന്നു ഇന്റര്‍ മയാമി പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ തന്നെ എഫ്.സി ഡല്ലാസ് മുന്നിലെത്തി. ജീസസ് ഫെരേരിയാണ് ആദ്യ മത്സത്തിലെ ഏകഗോൾ നേടിയത്. മത്സരത്തിന്റെ 64ാം മിനിട്ടില്‍ സുവാരസ്, മെസി തുടങ്ങിയ സൂപ്പര്‍ താരങ്ങളെ മയാമി പരിശീലകന്‍ പിന്‍വലിക്കുകയായിരുന്നു.

മത്സരത്തില്‍ എട്ട് ഷോട്ടുകളാണ് ഇരു ടീമുകളും അടിച്ചത്. എന്നാല്‍ ബോള്‍ പൊസഷന്റെ കാര്യത്തില്‍ ഇന്റര്‍ മയാമി ആയിരുന്നു മുന്നിട്ടുനിന്നത്. 69 ശതമാനവും പന്ത് കൈവശം വെച്ച മായാമിക്ക് എതിരാളികളുടെ ഗോള്‍വല ചലിപ്പിക്കാന്‍ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.

ഇനി മെസിക്കും കൂട്ടര്‍ക്കും രണ്ട് സൗഹൃദ മത്സരങ്ങളാണ് മുന്നിലുള്ളത്. ജനുവരി 29ന് സൗദി വമ്പന്‍മാരായ അല്‍ ഹിലാലിനെതിരെയാണ് മയാമിയുടെ അടുത്ത മത്സരം.

അതിന് ശേഷം ഫെബ്രുവരി ഒന്നിന് റൊണാള്‍ഡോയുടെ അല്‍ നസറിനെയും മയാമി നേരിടും. ഇതിഹാസതാരങ്ങള്‍ വീണ്ടും മുഖാമുഖം ഏറ്റുമുട്ടുന്നുവെന്ന സവിശേഷതയും ഈ മത്സരത്തിനുണ്ട്.

Content Highlight: Inter Miami loss against Fc dallas in friendly match.