മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് തോൽവി. ചിക്കോഗോ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയെ വീഴ്ത്തിയത്. പരിക്ക് മൂലം സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയായിരുന്നു ഇന്റർ മയാമി കളത്തിലിറങ്ങിയത്.
ചിക്കാഗോയുടെ ഹോം ഗ്രൗണ്ടായ സോൾജിയർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-2-3-1 എന്ന് ഫോർമേഷനിലാണ് ചിക്കാഗോ അണിനിരന്നത്. മറുഭാഗത്ത് മയാമി 4-3- 3 എന്ന ശൈലിയുമാണ് പിന്തുടർന്നത്.
മത്സരത്തിൽ 49, 73 മിനിട്ടുകളിൽ സെർഡൻ ഷാക്കീരിയും 62, 65 മിനിട്ടിൽ മാരെൻ ഹാലി സെലസിയും ചിക്കാഗോക്ക് വേണ്ടി ഇരട്ടഗോൾ നേടി മികച്ച പ്രകടനം നടത്തുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
മത്സരത്തിന്റെ 53ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ ജോസഫ് മാർട്ടിനെസിന്റെ വകയായിരുന്നു ഇന്റർമിയുടെ ആശ്വാസ ഗോൾ. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ആതിഥേയർ വിജയം സ്വന്തമാക്കുകയായിരുന്നു.
സൂപ്പർ താരം ലയണൽ മെസിയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. സെപ്റ്റംബറിൽ അന്താരാഷ്ട്ര മത്സരങ്ങളുടെ സമയത്തായിരുന്നു മെസിക്ക് പരിക്ക് പറ്റിയത്. അതിന് ശേഷം ഇന്റർ മയാമിക്ക് വേണ്ടി ഒരു മത്സരത്തിലും കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. പരിക്കിനെ തുടർന്ന് പിന്നീട് നടന്ന നാല് മത്സരങ്ങളാണ് മെസിക്ക് നഷ്ടമായത്. പരിക്ക് മൂലം യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽ മെസി കളിച്ചിരുന്നില്ല. സൂപ്പർതാരമില്ലാതെ ഇറങ്ങിയ മയാമിക്ക് ആ കിരീടവും നഷ്ടപ്പെട്ടിരുന്നു.
മെസിയുടെ വരവോടുകൂടി ഇന്റർ മയാമി ലീഗിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ക്ലബ്ബിനായി 11 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും 8 അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്. ഇന്റർ മയാമിക്ക് ഇതുവരെ ഇല്ലാതിരുന്ന കിരീടം നേടി കൊടുക്കാനും മെസിക്ക് സാധിച്ചിരുന്നു.
തുടർടർച്ചയായ വിജയങ്ങളിലൂടെ ഇന്റർമയാമി ലീഗ് പ്ലേ ഓഫ് സ്പോട്ട് ഉറപ്പിക്കും എന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്റർമയാമിക്ക് പ്ലെയോഫിലേക്ക് കടക്കാൻ നാലു പോയിന്റുകൾ ആവശ്യമാണ്. സൂപ്പർതാരം പരിക്കിന്റെ പിടിയിൽ നിന്നും മുക്തനായി അതിവേഗം തന്നെ കളത്തിൽ തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.