മെസിയുടെ മകനും ഇനി ഇന്റര്‍ മയാമിയില്‍
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മൂത്ത മകന്‍ തിയാഗോയെ U12 റോസ്റ്ററില്‍ ഉള്‍പ്പെടുത്തി ഇന്റര്‍ മയാമി. 2023-24 സീസണിലേക്കുള്ള റോസ്റ്ററിലാണ് തിയാഗോയും ഉള്‍പ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇന്റര്‍ മയാമി 2023-24 സീസണിലേക്കുള്ള റോസ്റ്റര്‍ പ്രഖ്യാപിച്ചത്. ഏഴ് വ്യത്യസ്ത ഏജ് കാറ്റഗറികളിലായി 150ലധികം താരങ്ങളുടെ മുഴുവന്‍ പട്ടികയും ടീം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഫ്‌ളോറിഡ ബ്ലൂവിലെ ട്രെയിങ് സെന്ററില്‍ പരിശീലനം നടത്തുന്ന U12 മുതല്‍ U19 വരെയുള്ള കാറ്റഗറികളിലെ 35 പുതിയ താരങ്ങളെയും ടീം തെരഞ്ഞെടുത്തിട്ടുണ്ട്.
U12 കാറ്റഗറിയിലെ പ്രധാന പേരുകാരില്‍ ഒരാള്‍ ലയണല്‍ മെസിയുടെ മകന്‍ തിയാഗോയാണ്.
‘2022-23 സീസണിലെ വിജയകരമായ പ്രകടനത്തിന് പിന്നാലെ മറ്റൊരു മികച്ച സീസണിനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് അക്കാദമി താരങ്ങള്‍ നടത്തിയത്.
അക്കാദമിയിലെ ആറ് താരങ്ങള്‍ ഫസ്റ്റ് ടീമിന് വേണ്ടി കളിച്ചപ്പോള്‍ വരാനിരിക്കുന്ന എം.എല്‍.എസ് നെക്‌സ്റ്റ് പ്രൊ സീസണില്‍ 15 താരങ്ങള്‍ കൂടി കളത്തിലിറങ്ങും. യൂത്ത് നാഷണല്‍ ടീമിലേക്ക് 20 അക്കാദമി താരങ്ങള്‍ക്ക് വിളിയെത്തിയിട്ടുണ്ട്.
താരങ്ങളെയും അവരുടെ മാതാപിതാക്കളെയും കഠിനാധ്വാനികളായ സ്റ്റാഫിനെയും നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുകയാണ്,’ ക്ലബ്ബ് പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
തിയാഗോ ഉള്‍പ്പെട്ട U12 ടീം ഫ്‌ളോറിഡ അക്കാദമി ലീഗിലാണ് കളിക്കുക.
U12 ടീം: ബാട്ടിസ്റ്റ അപാബ്ലാസ (ഡേവി യുണൈറ്റഡ് സോക്കര്‍ ക്ലബ്ബ്), റൈലാന്‍ ഹാന്‍ഡ് (ടീം ബോക എസ്.സി), യെലോവ് ലുണ്ടി (ബാര്‍സ അക്കാദമി പ്രോ മയാമി), ജേക്കബ് മഷറേന (വെസ്റ്റണ്‍ എഫ്.സി), തിയാഗോ മെസി (അണ്‍ അറ്റാച്ച്ഡ്), കെവിന്‍ ഒ ഡോനോവന്‍ (എ.സി മയാമി ), അമാര്‍ ഒസ്മാന്‍ (എഫ്.സി പ്രൈം), മാത്തിയാസ് റോഡ്രിഗസ് (മയാമി റഷ് കെന്‍ഡല്‍ എസ്.സി), റോമിയോ റോഡ്രിഗസ് (വെസ്റ്റണ്‍ എഫ്.സി).
അതേസമയം, എം.എല്‍.എസിലെ ആദ്യ മത്സരത്തിലും മെസി ഹെറോണ്‍സിനായി ഗോള്‍ നേടിയിരുന്നു. റെഡ് ബുള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ എന്‍. വൈ റെഡ് ബുള്‍സിനെയാണ് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്റര്‍ മയാമിയുടെ വിജയം.
മത്സരത്തിന്റെ 37ാം മിനിട്ടില്‍ ഡിയാഗോ ഗോമസിലൂടെയാണ് മയാമി മുമ്പിലെത്തിയത്. 89ാം മിനിട്ടിലാണ് എം.എല്‍.എസിലെ മെസിയുടെ ആദ്യ ഗോള്‍ പിറന്നത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ 14ാം സ്ഥാനത്തേക്ക് ഉയരാനും മയാമിക്കായി.
ഓഗസ്റ്റ് 31നാണ് മയാമിയുടെ അടുത്ത മത്സരം. നാഷ്‌വില്ലാണ് എതിരാളികള്‍.
Content Highlight: Inter Miami includes Thiago Messi in their U12 roster