| Wednesday, 30th August 2023, 10:47 pm

ഇവിടെ ഒരു സുനാമിയടിച്ചു, അത് എം.എല്‍.എസ്സിനെ ഒന്നാകെ തൂത്തുവാരി; പ്രകീര്‍ത്തിച്ച് മയാമി എക്‌സിക്യുട്ടീവ്

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസിയുടെ ഇംപാക്ടിനെ പ്രകീര്‍ത്തിച്ച് ഇന്റര്‍ മയാമി എക്‌സിക്യുട്ടീവ് സേവ്യര്‍ അസെന്‍സി. താരത്തിന്റെ ജനപ്രീതി ടീമിനും ലീഗിനും ഏറെ ഗുണകരമായെന്നും താരത്തിന്റെ സ്വാധീനം തങ്ങളുടെ പ്രതീക്ഷകളേക്കാള്‍ എത്രയോ വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്ലബ്ബ് സ്റ്റോറുകളിലെ മെസിയുടെ ജേഴ്‌സിയുള്‍പ്പെടെയുള്ള മെര്‍ച്ചന്‍ഡൈസുകള്‍ പൂര്‍ണമായും വിറ്റുപോയെന്നും ഇപ്പോള്‍ ഒന്നും തന്നെ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു സാഹചര്യം തങ്ങള്‍ക്ക് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്നും അടുത്ത വര്‍ഷം ഈ പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ നടപടിയും ചെയ്തിട്ടുണ്ടെന്നും ബാഴ്‌സലോണയുടെ മുന്‍ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കൂടിയായിരുന്ന അസെന്‍സി കൂട്ടിച്ചേര്‍ത്തു.

‘ഇവിടെ ഒരു സുനാമി രൂപം കൊണ്ടിട്ടുണ്ട്. ഇന്റര്‍ മയാമിയായിരുന്നു ആ സുനാമി. അത് എം.എല്‍.എസ്സിനെ ഒന്നാകെ തൂത്തുവാരുകയായിരുന്നു. ഞാന്‍ 11 വര്‍ഷം ബാഴ്‌സയിലുണ്ടായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് എല്ലാം പ്ലാന്‍ ചെയ്തത്.

ഇവിടെ ‘മെസിമാനിയ’ മുന്‍കൂട്ടി കാണാന്‍ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. ഒക്ടോബറില്‍ ഞങ്ങള്‍ക്ക് വലിയ തോതില്‍ മെര്‍ച്ചെന്‍ഡൈസുകള്‍ ലഭിക്കും. 2024നായി ലോകമെമ്പാടും ഞങ്ങള്‍ ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ട്,’ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തില്‍ അസെന്‍സി പറഞ്ഞു.

2025 വരെയാണ് മെസിക്ക് ടീമുമായി കരാര്‍ ഉള്ളതെന്നും എന്നാല്‍ അതിനപ്പുറം പോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2025 വരെയാണ് അദ്ദേഹത്തിന് കരാറുള്ളത്. അദ്ദേഹം അതിലേറെ കാലം ടീമിനൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ അവിശ്വസനീയമായ ഒരു കാര്യം സംഭവിച്ചിരിക്കുന്നു. ലിയോ ഒരു ക്ലബ്ബിനേക്കാള്‍ അല്ലെങ്കില്‍ ഒരു ലീഗിനേക്കാള്‍ ഏറെ വലുതാണ്.

ഒരു പുതിയ സ്റ്റേഡിയം വരുന്നുണ്ട്… 2026ല്‍ മറ്റൊരു ലോകകപ്പ് വരുന്നുണ്ട്… 2028 ഒളിമ്പിക്‌സ് ലോസ് ആഞ്ചലസില്‍ വെച്ചാണ് നടക്കുന്നത്… നിരവധി കാര്യങ്ങള്‍ ഇവിടെ സംഭവിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.എസ്.ജിയില്‍ നിന്നും ഫ്രീ ഏജന്റായ അമേരിക്കന്‍ മണ്ണിലെത്തിയ മെസി ഇന്റര്‍ മയാമിക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി തോല്‍വികളേറ്റുവാങ്ങിയ ടീമിനെ മെസി വിജയിക്കാന്‍ പഠിപ്പിച്ചു. മെസിയുടെ വരവിന് ശേഷം ഒറ്റ മത്സരത്തില്‍ പോലും തോല്‍ക്കാതിരുന്ന മയാമി തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടവും സ്വന്തമാക്കിയിരുന്നു.

ലീഗ്‌സ് കപ്പിന്റെ ഫൈനലില്‍ നാഷ്‌വില്ലിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് മെസി ഹെറോണ്‍സിന് ആദ്യ കിരീടം നേടിക്കൊടുത്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് എന്‍. വൈ റെഡ്ബുള്‍സിനെതിരായ മത്സരത്തിലും ഗോള്‍ നേടിയ മെസി എം.എല്‍.എസ് ക്യാംപെയ്‌നും വിജയത്തോടെ തന്നെയായിരുന്നു ആരംഭിച്ചത്. ഓഗസ്റ്റ് 31 പുലര്‍ച്ചയൊണ് എം.എല്‍.എസ്സില്‍ ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. നാഷ്‌വില്ലാണ് എതിരാളികള്‍.

Content Highlight: Inter Miami executive Xavier Asensi about the impact of Lionel Messi

We use cookies to give you the best possible experience. Learn more