ലീഗ്‌സ് കപ്പില്‍ തിങ്കളാഴ്ച പുലര്‍ച്ച നടന്ന മത്സരത്തില്‍ എഫ്.സി ഡാല്ലസിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടി ഇന്റര്‍ മയാമി. എഫ്.സി ഡാല്ലസിന്റെ ഹോം സ്‌റ്റേഡിയമായ ടൊയോട്ട സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മയാമി വിജയിച്ചത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും നാല് ഗോള്‍ വീതമടിച്ച് തുല്യത പാലിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-5 എന്ന സ്‌കോറിനാണ് മയാമി വിജയിച്ചുകയറിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മെസി ഹെറോണ്‍സിനെ മുമ്പിലെത്തിച്ചു. ആറാം മിനിട്ടില്‍ മെസിയിലൂടെ ലീഡ് നേടിയ മയാമിയെ ആദ്യ പകുതിയില്‍ തന്നെ ഡാല്ലസ് ഞെട്ടിച്ചു.
37ാം മിനിട്ടില്‍ അര്‍ജന്റൈന്‍ ഇന്റര്‍നാഷണല്‍ ഫാകുണ്ടോ ക്വിന്യോയിലൂടെ സമനില ഗോള്‍ നേടിയ ഡാലസ് 45ാം മിനിട്ടില്‍ ബെര്‍ണാര്‍ഡ് കമുംഗോയിലൂടെ ഗോള്‍ നേട്ടം ഇരട്ടിയാക്കി.
ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ഡാല്ലസ് 65ാം മിനിട്ടില്‍ വീണ്ടും ലീഡ് ഉയര്‍ത്തിയതോടെ മയാമി ക്യാമ്പ് നിരാശയിലായി. എന്നാല്‍ 65ാം മിനിട്ടില്‍ ബഞ്ചമിന്‍ ക്രമാസ്ചി ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ക്രമാസ്ചിയുടെ ഗോള്‍ പിറന്ന് മൂന്നാം മിനിട്ടില്‍ തന്നെ റോബര്‍ട്ട് ടെയ്‌ലറിന്റെ സെല്‍ഫ് ഗോളില്‍ ഡാലസ് നാല് ഗോളിലേക്കുയര്‍ന്നു.
80ാം മിനിട്ടില്‍ ഡാലസ് താരം മാര്‍കോ ഫര്‍ഹാന്റെ വക മയാമിക്കും സെല്‍ഫ് ഗോള്‍ അഡ്വാന്റേജ് ലഭിച്ചു. മത്സരം 4-3 എന്ന നിലയില്‍ തുടരവെ ആരാധകരുടെ നെഞ്ചിടിപ്പേറി.
മെസിയെത്തിയ ശേഷമുള്ള ആദ്യ തോല്‍വി പ്രതീക്ഷിച്ച എതിരാളികള്‍ക്ക് മുമ്പില്‍ 88ാം മിനിട്ടില്‍ മെസി വീണ്ടും ഫ്രീ കിക്കിലൂടെ വലകുലുക്കി. ഇതോടെ മത്സരം 4-4 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചു. തുടര്‍ന്നാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നത്.
മയാമിക്കായി കിക്കെടുത്ത എല്ലാവരും ലക്ഷ്യം കണ്ടു. മെസി, ബുസ്‌ക്വെറ്റ്‌സ്, കാംപാന, മില്ലര്‍, ക്രമാസ്ചി എന്നിവര്‍ മയാമിക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ ഡാലസ് താരം പാക്‌സടണ്‍ പോമികലിന്റെ കിക്ക് പാഴായി. ഇതോടെ ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ടീം ആകാനും മയാമിക്കായി.
ഓഗസ്റ്റ് 11നാണ് ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. എതിരാളികള്‍ ആരാണെന്ന് തീരുമാനമായിട്ടില്ല.
Content Highlight: Inter Miami defeats FC Dallas