മെസി എപ്പോൾ കളിക്കളത്തിലേക്ക് തിരിച്ചെത്തും; വമ്പൻ അപ്‌ഡേറ്റുമായി ഇന്റർ മയാമി കോച്ച്
Football
മെസി എപ്പോൾ കളിക്കളത്തിലേക്ക് തിരിച്ചെത്തും; വമ്പൻ അപ്‌ഡേറ്റുമായി ഇന്റർ മയാമി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th August 2024, 9:21 am

പരിക്കേറ്റ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി എപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റു നോക്കുന്നത്. ഇപ്പോഴത്തെ മെസിയുടെ പരിക്കിനെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് ഇന്റര്‍മയാമി പരിശീലകന്‍ ടാറ്റ മാര്‍ട്ടീനോ. ഒക്ടോബറില്‍ എം.എല്‍.എസ് പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് മെസി പരിശീലനത്തില്‍ തിരിച്ചെത്തുമെന്നാണ് മാര്‍ട്ടീനോ പറഞ്ഞത്.

‘അദ്ദേഹം ടീമിനൊപ്പം പരിശീലനം നടത്തുന്നില്ല. അദ്ദേഹം ഇപ്പോള്‍ ഫീല്‍ഡിന് പുറത്താണ്. ഫിസിക്കല്‍ ട്രെയിനര്‍മാര്‍ക്കൊപ്പമാണ് മെസി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവന്‍ നന്നായി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹം അര്‍ജന്റീനക്കായി വരാനിരിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. കാരണം അദ്ദേഹം ഇതുവരെ പരിശീലനം തുടങ്ങിയിട്ടില്ല.

പക്ഷേ അദ്ദേഹം തിരിച്ചുവരുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. മെസി എപ്പോള്‍ പരിശീലനത്തിലേക്ക് മടങ്ങി വരുമെന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. പക്ഷേ അദ്ദേഹം അധികം വൈകാതെ തന്നെ തിരിച്ചെത്തും. ശാരീരികമായ പരിക്കുകളും മാനസികമായ പരിക്കുകളും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ ഇവ രണ്ടും മറികടക്കേണ്ടതുണ്ട്. അവന്‍ ഈ പ്രക്രിയയിലൂടെ കടന്നുപോവുകയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ടാറ്റ മാര്‍ട്ടീനൊ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഇടം നേടാനും മെസിക്ക് സാധിച്ചില്ല.

നിലവില്‍ മേജര്‍ ലീഗ് സോക്കറില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 25 മത്സരങ്ങളില്‍ നിന്നും 16 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയും അടക്കം 53 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി. നാളെ നടക്കുന്ന മത്സരത്തില്‍ സിന്‍സിനാറ്റിക്കെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. ചെയ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Inter Miami Coach Update Of Lionel Messi Injury