മെസിയും നെയ്മറും ഒന്നിച്ച് ഇന്റര്‍ മയാമിയില്‍? പരിശീലകന്‍ വ്യക്തമാക്കുന്നു
Sports News
മെസിയും നെയ്മറും ഒന്നിച്ച് ഇന്റര്‍ മയാമിയില്‍? പരിശീലകന്‍ വ്യക്തമാക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd November 2024, 8:53 am

സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ മെസിക്കൊപ്പം മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയില്‍ പന്തുതട്ടാനുള്ള സാധ്യതകളെ കുറിച്ച് പരിശീലകന്‍ ജെറാര്‍ഡോ ടാറ്റ മാര്‍ട്ടീനോ. ബാഴ്‌സലോണയിലെ എം.എസ്.എന്‍ ത്രയം വീണ്ടും അമേരിക്കന്‍ മണ്ണില്‍ പിറവിയെടുക്കുമോ എന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാല്‍ ഹാര്‍ബര്‍ ഏരിയയില്‍ 20 മില്യണ്‍ പൗണ്ട് നല്‍കി നെയ്മര്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരം ഇന്റര്‍ മയാമിയിലേക്കെന്ന അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായത്.

 

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെയും അഭ്യൂഹങ്ങളെയും തള്ളിക്കളയുകയാണ് മാര്‍ട്ടീനോ. അറ്റ്‌ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തിന് മുമ്പാണ് അദ്ദേഹം നെയ്മറിന്റെ വരവിനെ കുറിച്ച് സംസാരിച്ചത്. മാര്‍ട്ടിനോയുടെ വാക്കുകള്‍ ഉദ്ധരിച്ച് ട്രൈബല്‍ ഫുട്‌ബോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഏതെങ്കിലുമൊരു ഫുട്‌ബോളര്‍ വരുമോ ഇല്ലയോ എന്ന് അത്ര പെട്ടന്നൊന്നും ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഇതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റ് പല കാര്യങ്ങളും പരിഗണിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇവിടെ ഒരു വസ്തു വാങ്ങിയതുകൊണ്ടോ ഫോര്‍ട്ട് ലോഡര്‍ഡേലിലെ ഒരു പെണ്‍കുട്ടിയുമായി ഡേറ്റ് ചെയ്യാന്‍ ആരംഭിച്ചതുകൊണ്ടോ ഒരാളുടെ പേരും നമുക്ക് പറയാന്‍ സാധിക്കില്ല. ഇത് തീര്‍ത്തും അസംബന്ധമായിരിക്കും.

ആദ്യം ഈ ലീഗ് എന്താണോ വാഗ്ദാനം ചെയ്യുന്നതെന്നും, അത് സാധ്യമാണോ എന്നും വിശകലനം ചെയ്യണം. ഇക്കാരണം കൊണ്ടുതന്നെ ഈ സാഹചര്യത്തില്‍ അത് അസാധ്യമാണ്. അതുകൊണ്ടുതന്നെ ഈ വിഷയം ഇനി സംസാരിക്കുന്നതുകൊണ്ട് അര്‍ത്ഥമില്ല,’ മാര്‍ട്ടീനോ പറഞ്ഞു.

അതേസമയം, നെയ്മറിന്റെ നിലവിലെ ക്ലബ്ബായ അല്‍ ഹിലാലിന് മുമ്പില്‍ ഇന്റര്‍ മയാമി ഒരു ഓഫര്‍ വെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വരുന്ന വിന്റര്‍ ട്രാന്‍സ്ഫറില്‍ നെയ്മറിനെ എം.എല്‍.എസിലെത്തിക്കാനാണ് ടീമിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടത്.

സൗദി അറേബ്യന്‍ ജേണലിസ്റ്റായ താരിഖ് അല്‍ നൗഫലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍ മയാമി അല്‍ ഹിലാലിന് മുമ്പില്‍ ഒരു ഓഫര്‍ സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ അമേരിക്കന്‍ മണ്ണിലെത്തിക്കാനാണ് ടീം ശ്രമിക്കുന്നത്.

 

അടുത്ത വര്‍ഷം ജൂണില്‍ നെയ്മറുമായുള്ള ഹിലാലിന്റെ കരാര്‍ അവസാനിക്കും. താരത്തിന്റെ പരിക്കുകളും വേതനവും കണക്കിലെടുത്ത് സൗദി ക്ലബ്ബ് കരാര്‍ പുതുക്കാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ നെയ്മറിനെ മെസിക്കും സുവാരസിനുമൊപ്പം വീണ്ടും കാണാനുള്ള സാധ്യതകളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ആരാധകര്‍ ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിങ് ട്രയോ ആയ ബാഴ്സലോണയുടെ എം.എസ്.എന്‍ ത്രയം ഇന്റര്‍ മയാമിയിലും ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

 

Content Highlight: Inter Miami coach Tata Martino about signing Neymar Jr