Cricket
മെസിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഫൈനലാണ്, റിസ്‌ക്കെടുക്കാന്‍ വയ്യ; പ്രതികരിച്ച് ഇന്റര്‍ മയാമി കോച്ച്
സെപ്റ്റംബർ 29ന് ഡി.ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിൽ നടക്കുന്ന യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽ ഇന്റർ മയാമി ഹൂസ്റ്റൺ ഡൈനാമോയെ നേരിടും. മത്സരത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സൂപ്പർ താരം ലയണൽ മെസി ഫൈനലിൽ കളിക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ.
ഈ സാഹചര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഇന്റർ മയാമി പരിശീലകൻ ടാറ്റ മാർട്ടീനോ.
ഫൈനലിൽ സൂപ്പർ താരം മെസി കളിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് കോച്ച് പറഞ്ഞത്. ‘ഞങ്ങൾ നാളെ വരെ മെസിക്കായി കാത്തിരിക്കും. ജോഡി ആൽബക്ക് പരിക്കാണ്, അതുകൊണ്ട് തന്നെ മെസി കളിക്കുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ നിലനിൽക്കും. താരത്തിന്റ ഭാഗത്ത് നിന്നുള്ള വിശദീകരണം കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മെസി അല്ലാതെ മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ മാധ്യമങ്ങളിൽ നിന്നും ഇത്രയും ചോദ്യങ്ങൾ വരില്ലായിരുന്നു. ഒരു കളിക്കാരന് പരിക്ക് പറ്റിയാൽ മറ്റൊരു മത്സരം കളിക്കാൻ എത്ര സമയം പുറത്തിരിക്കണമെന്ന് നമ്മൾ മനസിലാക്കണം’, മാർട്ടീനോ പറഞ്ഞു.
‘ഇത് ഒരു ഫൈനലാണ് അതിനാൽ ഞങ്ങൾ റിസ്ക് എടുക്കില്ല. ജയിച്ചാൽ വീണ്ടും കിരീടം ലഭിക്കും അതിനായി 90 മിനിട്ടോ 120 മിനിറ്റോ കളിക്കേണ്ടിവരും. അതുകൊണ്ട് ഫൈനൽ മത്സരം ഞങ്ങൾ ഒരിക്കലും അപകടത്തിലാക്കില്ല’, കോച്ച് കൂട്ടിച്ചേർത്തു.
സെപ്തംബർ 20ന് ടെറാന്റോ എഫ്.സി.ക്കെതിരെ നടന്ന മത്സരത്തിൽ മെസി പരിക്ക് പറ്റി പുറത്ത് പോയിരുന്നു. തുടർന്നുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമാവുകയും ചെയ്തു. എന്നാൽ ഫൈനലിൽ സൂപ്പർ താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സൂപ്പർ താരത്തിന്റ വരവോട് കൂടി മികച്ച പ്രകടനമാണ് ഇന്റർ മയാമി കാഴ്ചവെച്ചത്. ക്ലബ്ബിന് വേണ്ടി 11 മത്സരങ്ങളിൽ നിന്നും 13 ഗോളുകളും അഞ്ച് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. മെസിയുടെ വരവിന് ശേഷം ഇതുവരെ ഇല്ലാതിരുന്ന കിരീടം സ്വന്തമാക്കാനും ടീമിന് സാധിച്ചു. നാഷ് വെല്ലയെ തോൽപ്പിച്ചു കൊണ്ടാണ്
ഇന്റർ മയാമി ലീഗ്സ് കപ്പ് നേടിയത്. മറ്റൊരു ഫൈനൽ കൂടി മുന്നിൽ വന്ന് നിൽക്കുമ്പോൾ രണ്ടാം കിരീടമാവും മെസിയും കൂട്ടരും ലക്ഷ്യമിടുക.
Content Highlight: Inter Miami coach reacts to whether Messi will play in the final.