| Friday, 1st September 2023, 11:00 am

മെസിയുടെ മയാമിക്ക് പ്ലേഓഫ് കളിക്കാന്‍ സാധിക്കുമോ? ഞെട്ടിക്കുന്ന സമനിലക്ക് പിന്നാലെ എന്തും സംഭവിക്കാമെന്ന് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് സോക്കറിലെ കഴിഞ്ഞ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള നാഷ്‌വില്ലിനോടാണ് ഇന്റര്‍ മയാമിക്ക് സമനില വഴങ്ങേണ്ടി വന്നത്.

മെസിയെയും സംഘത്തേയും ഗോളടിക്കാന്‍ അനുവദിക്കാതെ നാഷ്‌വില്‍ കത്രികപ്പൂട്ടിട്ട് പൂട്ടിയപ്പോള്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. മെസി ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം ജയമില്ലാത്ത ആദ്യ മത്സരം കൂടിയായിരുന്നു ഇത്.

ഈ മത്സരത്തിന് പിന്നാലെ ഇന്‍ര്‍ മയാമി പ്ലേ ഓഫിലെത്താനുള്ള സാധ്യകകളെ കുറിച്ച് സംസാരിക്കുകയാണ് പരിശീലകന്‍ ടാറ്റ മാര്‍ട്ടീനോ. ഗോളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിനെ കുറിച്ച് സംസാരിച്ചത്.

മുന്നോട്ട് കുതിക്കുക മാത്രമണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും എന്തും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മാര്‍ട്ടീനോ പറഞ്ഞത്.

‘മുന്നോട് പോകുക എന്നത് മാത്രമാണ് നമ്മള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. എന്തും സംഭവിക്കാം.

നാഷ്‌വില്‍ വളരെ മികച്ച രീതിയില്‍ ഡിഫന്‍സീവ് ഫുട്‌ബോള്‍ കളിക്കുന്നവരാണ്. ലീഗ്‌സ് കപ്പ് ഫൈനലിനെ അപേക്ഷിച്ച് അവല്‍ അല്‍പം കൂടി പ്രതിരോധത്തില്‍ ശ്രദ്ധിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്.

ആദ്യ പകുതിയേക്കാള്‍ കൂടുതല്‍ റിഥമുണ്ടായിരുന്നത് സെക്കന്‍ഡ് ഹാഫിലാണ്, എന്നാല്‍ വിരോധാഭാസമെന്ന് പറയട്ടെ മത്സരത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തമെന്നത് റോബര്‍ട് ടെയ്‌ലറിന് ആദ്യ പകുതിയില്‍ ലഭിച്ച രണ്ട് അവസരങ്ങളായിരുന്നു.

ആദ്യ പകുതിയില്‍ മത്സരം വളരെ പതുക്കെയാണ് നീങ്ങിയതെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഞങ്ങള്‍ കുറച്ചുകൂടി മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ അത് ഞങ്ങളെ സംബന്ധിച്ച് അല്‍പം ബുദ്ധിമുട്ടേറിയതായിരുന്നു.

ഇത്തരം മത്സരങ്ങള്‍ സംഭവക്കും. എല്ലാവരുടെയും നിരാശ എനിക്ക് മനസിലാകുന്നുണ്ട്. മുന്നോട്ടുള്ള യാത്രക്ക് ഇത് മികച്ച ഒരു രാത്രിയാണെന്നാണ് എനിക്ക് തോന്നുന്നത്,’ മാര്‍ട്ടിനോ പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ കുതിപ്പുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും നില മെച്ചപ്പെടുത്താന്‍ ഹെറോണ്‍സിന് കഴിയുമായിരുന്നു. നിലവില്‍ സെക്കന്‍ഡ് ലാസ്റ്റ് പൊസിഷനില്‍ ആണെങ്കിലും അവസാന സ്ഥാനത്തുള്ള ടൊറോന്റോക്കും മയാമിക്കും ഒരേ പോയിന്റ് തന്നെയാണുള്ളത്.

സെപ്റ്റംബര്‍ നാലിനാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. ബി.എം.ഒ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലോസ് ആഞ്ചലസാണ് എതിരാളികള്‍.

Content Highlight: Inter Miami coach on team’s play off chances

We use cookies to give you the best possible experience. Learn more