Football
ഫൈനലിൽ മെസിയെ ഇറക്കാത്തതെന്തുകൊണ്ട്? പ്രതികരിച്ച് ഇന്റർ മയാമി കോച്ച്
യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽ ഹൂസ്റ്റൺ ഡൈനാമോ ഇന്റർ മയാമിയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി. ഇന്റർ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചുകൊണ്ടാണ് ഡൈനാമോ കിരീടം ഉയർത്തിയത്.
മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസി കളിച്ചിരുന്നില്ല. ഈ തോൽവിക്ക് പിന്നാലെ മെസി മത്സരത്തിൽ ഇറങ്ങാത്തതിന്റെ കാരണം വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് മയാമി പരിശീലകൻ മാർട്ടിനോ. പരിക്ക് മൂലം മെസി ഫൈനലിൽ ഇറങ്ങാൻ ഫിറ്റ് ആയിരുന്നില്ലെന്നാണ് മാർട്ടീനോ പറഞ്ഞത്.
‘അവനെ ഫൈനലിൽ ഇറക്കുക എന്നത് വിവേകപരമല്ലാത്ത ഒരു കാര്യമാണ്. മത്സരത്തിൽ കുറച്ച് മിനിട്ടുകൾ പോലും അവനെ കളിപ്പിക്കാൻ സാധിക്കുമായിരുന്നില്ല,’ മാർട്ടീനോ മെയിൽ വഴി പറഞ്ഞു.
തുടർച്ചയായ പരിക്കുകൾ മൂലം ടീമിന് കുറച്ച് മത്സരങ്ങളിൽ ഫോം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലെ ടീമിന്റെ അവസ്ഥയെക്കുറിച്ചും കോച്ച് പ്രതികരിച്ചു.
‘ഞാൻ തളർന്നു നിൽക്കുന്ന ഇന്റർ മയാമി ടീമിനെ കണ്ടു. ഫൈനൽ മത്സരം അധികസമയത്തേക്ക് പോയിരുന്നുവെങ്കിൽ അടുത്ത മത്സരത്തിൽ ടീം സ്റ്റാഫിനെ ഇറക്കി കളിക്കേണ്ടിവരും’, കോച്ച് കൂട്ടിചേർത്തു.
ഇന്റർനാഷണൽ ബ്രേക്ക് വന്നത് മുതൽ മെസി ഫിറ്റ്നസിന്റെ പിടിയിലായിരുന്നു. സെപ്റ്റംബർ 20ന് ടൊറന്റോ എഫ്.സി.ക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കഴിഞ്ഞ ആഴ്‌ച ടൊറന്റോയ്‌ക്കെതിരെ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ തന്നെ താരം പരിക്ക് പറ്റി പുറത്ത് പോയിരുന്നു. അതിനാൽ താരത്തിന് ഫൈനലിൽ ടീമിന്റെ ബെഞ്ചിൽ പോലും ഇരിക്കാനുള്ള ഫിറ്റ്നസ് ഉണ്ടായിരുന്നില്ല.
സൂപ്പർതാരത്തിന്റെ വരവോടുകൂടി ഇന്റർ മയാമി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 12 മത്സരങ്ങളിൽ നിന്നും 121 ഗോളുകളും അഞ്ച് അസിസ്റ്റുകളും താരം ക്ലബ്ബിനായി നേടിയിട്ടുണ്ട്. ഈ സീസണിൽ ടീമിനൊപ്പം ലീഗ്‌സ് കപ്പ് കിരീടം സ്വന്തമാക്കാനും മെസിക്ക് സാധിച്ചു.
ഒക്ടോബർ ഒന്നിന് ന്യൂയോർക്ക് സിറ്റിയുമായാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളെല്ലാം അതിനിർണായകമാണ് മാർട്ടീനോക്കും കൂട്ടർക്കും.
Content Highlight: Inter Miami coach clarified the reason why Messi did not play in the US Open final.