മെസിയടക്കമുള്ളവരെ ബെഞ്ചിലിരുത്തേണ്ടി വന്നേക്കും, അവസ്ഥ അതാണ്; ആശങ്ക വ്യക്തമാക്കി ഇന്റര്‍ മയാമി കോച്ച്
Sports News
മെസിയടക്കമുള്ളവരെ ബെഞ്ചിലിരുത്തേണ്ടി വന്നേക്കും, അവസ്ഥ അതാണ്; ആശങ്ക വ്യക്തമാക്കി ഇന്റര്‍ മയാമി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th August 2023, 6:46 pm

 

സീസണിലെ വരും മത്സരങ്ങളില്‍ ലയണല്‍ മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ ഫിറ്റ്‌നെസില്‍ ആശങ്ക വ്യക്തമാക്കി ഇന്റര്‍ മയാമി കോച്ച് ടാറ്റ മാര്‍ട്ടിനോ. യു.എസ്. ഓപ്പണ്‍ കപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ സിന്‍സിനാട്ടിക്കെതിരായ മത്സരത്തിലെ വിജയത്തിന് പിന്നാലെയാണ് കോച്ച് താരങ്ങളുടെ വര്‍ക്‌ലോഡിനെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചത്.

മേജര്‍ ലീഗ് സോക്കറില്‍ മെസിയുടെ അരങ്ങേറ്റ മത്സരം അടുത്തുവരികയാണ്. ഓഗസ്റ്റ് 27നാണ് എം.എല്‍.എസ്സില്‍ മെസി അരങ്ങേറ്റ മത്സരം കളിക്കുക. എന്‍.വൈ റെഡ് ബുള്‍സാണ് എതിരാളികള്‍.

ഓഗസ്റ്റ് 31ന് ലീഗ്‌സ് കപ്പ് ഫൈനലില്‍ പരാജയപ്പെടുത്തിയ നാഷ്‌വില്ലിനെതിരെയും ഇതിന് പിന്നാലെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ലോസ് ആഞ്ചലസിനെതിരെയും ഇന്റര്‍ മയാമി കളത്തിലിറങ്ങും.

ഒരാഴ്ചക്കുള്ളിലാണ് ഈ മൂന്ന് മത്സരവും നടക്കുന്നത്. ഈ സാഹചര്യത്തിലാണ് താരങ്ങളുടെ വര്‍ക് ലോഡിനെ സംബന്ധിച്ച് മാര്‍ട്ടിനോ ആശങ്കകള്‍ വ്യക്തമാക്കിയത്.

‘ഇത് വളരെ ദൈര്‍ഘ്യമേറിയ നാല് ആഴ്ചകളായിരുന്നു, ഇത് വളരെ നീണ്ട വര്‍ഷവുമായിരുന്നു. എങ്കിലും ഇത് വളരെ വേഗത്തില്‍ കടന്നുപോയി. പക്ഷേ ഇത് താരങ്ങളില്‍ നിന്ന് വളരെയധികം ആവശ്യപ്പെടുന്നുണ്ട്.

 

കഴിഞ്ഞ 45-50 ദിവസങ്ങള്‍ക്കിടെ കളിച്ച നിരവധി മത്സരങ്ങളെയും നമ്മള്‍ കണക്കിലെടുക്കണം. ലിയോയും മറ്റ് താരങ്ങളും അവരുടെ ഫിസിക്കല്‍ ലിമിറ്റിലെത്തിയിരിക്കുകയാണ്.

ഏറ്റവും കുറഞ്ഞത് അടുത്ത മൂന്ന് മത്സരങ്ങളെ എങ്ങനെ നേരിടുമെന്നത് ഇന്ന് മുതല്‍ ഞങ്ങള്‍ കൃത്യമായി പരിശോധിക്കും,’ എം.എല്‍.എസ് സോക്കര്‍ ഡോട് കോമിലൂടെ മാര്‍ട്ടിനോ പറഞ്ഞു.

തുടര്‍ച്ചയായ മത്സരങ്ങള്‍ കളിച്ചുവന്ന മെസിയും സംഘവും ടീമിന്റെ ചരിത്രത്തിലെ ആദ്യ കിരീവും നേടിയിരുന്നു. ലീഗ് കപ്പാണ് മെസിയും സംഘവും ഹെറോണ്‍സിന് നേടിക്കൊടുത്തത്. ഫൈനലില്‍ നാഷ്‌വില്ലിനെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയത്.

ഇതിന് പുറമെ മറ്റൊരു കിരീടനേട്ടവും മെസിക്കും സംഘത്തിനും കണ്‍മുമ്പിലുണ്ട്. യു.എസ് ഓപ്പണ്‍ കിരീടമാണ് ഇന്റര്‍ മയാമി ലക്ഷ്യം വെക്കുന്നത്.

സെമി ഫൈനലില്‍ സിന്‍സിനാട്ടിയെ പരാജയപ്പെടുത്തിയാണ് മെസിയും സംഘവും ഫൈനലിലെത്തിയത്. നിശ്ചിത സമയത്തും ഇരു ടീമുകളും മൂന്ന് ഗോള്‍ വിതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലൂടെയാണ് മെസിയും സംഘവും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

 

Content Highlight: Inter Miami coach about players fitness and workload