സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വരവോടെ ഇന്റര്‍ മയാമി വിജയപാതയില്‍ കുതിക്കുകയാണ്. ക്ലബ്ബിന്റെ രൂപീകരണത്തിന് ശേഷം ആദ്യമായി ലീഗ്സ് കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കാനൊരുങ്ങുകയാണ് ഇന്റര്‍ മയാമി.
മെസി, ജോര്‍ധി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ വരവ് ടീമിനെ ശക്തിപ്പെടുത്തിയെന്നും എന്നാല്‍ ഒരു കോച്ച് എന്ന നിലയില്‍ തന്റെ ജോലി ഏറെ ബുദ്ധിമുട്ടേറിയതുമാക്കി എന്നും പറയുകയാണ് ഇന്റര്‍ മയാമി കോച്ചായ ടാറ്റ മാര്‍ട്ടിനോ. ഇവരെല്ലാവരും ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ടീം സെലക്ഷന്‍ ഏറെ ബുദ്ധിമുട്ടേറിയ ജോലിയായി മാറിയെന്നാണ് അദ്ദേഹം പറയുന്നത്.
ലീഗ്‌സ് കപ്പിന്റെ സെമി ഫൈനല്‍ മത്സരത്തിന് പിന്നാലെയാണ് സ്റ്റാര്‍ട്ടിങ് ഇലവന്‍ തെരഞ്ഞെടുക്കാനുള്ള തന്റെ കഷ്ടപ്പാടിനെ കുറിച്ച് മാര്‍ട്ടിനോ പറഞ്ഞത്. മത്സരത്തില്‍ മുന്നേറ്റ നിരയിലെ മെസിയും പ്രതിരോധ നിരയിലെ ജോര്‍ധി ആല്‍ബയും അടക്കമുള്ളവര്‍ ഗോള്‍ നേടിയിരുന്നു.
‘ലിയോ (ലയണല്‍ മെസി), ജോസഫ് (ജോസഫ് മാര്‍ട്ടീനസ്) ഇവര്‍ ഗോളടിക്കുന്നുണ്ട്. ടീം പുരോഗതി കൈവരിക്കുകയാണ്. ക്രെമാഷി ഈയിടെ ഗോള്‍ നേടിയിരുന്നു, ഇന്ന് ഡേവിഡ് (ഡേവിഡ് റൂയീസ്) ഗോള്‍ നേടി. ഡിഫന്‍ഡറായ ജോര്‍ധി ആല്‍ബയും ഇന്ന് ഗോള്‍ നേടി. ഇത് ടീമിനെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ടീം മാറി എന്നത് ശരി തന്നെ. എന്നാല്‍ ഇന്റര്‍ മയാമിയുടെ റോസ്റ്ററിലും കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് മനസിലാക്കണം. ഇപ്പോള്‍ കുറച്ചുകൂടി ശക്തമായ, കോംപിറ്റിറ്റീവായ റോസ്റ്ററാണ് ഉള്ളത്. ഒരു കോച്ച് എന്ന നിലയില്‍ ടീം തെരഞ്ഞടുക്കുമ്പോള്‍ ഇത് എനിക്കുണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടാണ്,’ ഗോളിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍ട്ടീനോ പറഞ്ഞു.
ടീമിലെത്തിയതിന് ശേഷമുള്ള ആറ് മത്സരത്തിലും ഗോള്‍ നേടിക്കൊണ്ടാണ് മെസി ടീമിന്റെ നെടുംതൂണാകുന്നത്. സെമി ഫൈനലിലും മെസി ഗോള്‍ നേട്ടം ആവര്‍ത്തിച്ചിരുന്നു.
ലീഗ്‌സ് കപ്പിന്റെ സെമി ഫൈനലില്‍ ഫിലാഡെല്‍ഫിയയെ തോല്‍പിച്ചുകൊണ്ടാണ് മെസിയും സംഘവും ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. എതിരില്ലാത്ത നാല് ഗോളിനാണ് മയാമി ഫിലാഡെല്‍ഫിയയെ തകര്‍ത്തുവിട്ടത്.
മയാമിക്കായി ജോസഫ് മാര്‍ട്ടീനസ്, ലയണല്‍ മെസി, ജോര്‍ധി ആല്‍ബ, ഡേവിഡ് റൂയീസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ അലജാന്‍ഡ്രോ ബെഡോയയാണ് ഫിലാഡെല്‍ഫിയയുടെ ആശ്വാസ ഗോള്‍ നേടിയത്.
ആഗസ്റ്റ് 20നാണ് ലീഗ്‌സ് കപ്പിന്റെ ഫൈനല്‍ മത്സരം. ജിയോഡിസ് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ നാഷ്‌വില്ലാണ് എതിരാളികള്‍.
Content highlight: Inter Miami coach about Lionel Messi and team