അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഉജ്വല ഫോമിലാണ് ഇന്റര്‍ മയാമിക്കായി കളിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ വരവോടെ എം.എല്‍.എസ് ലീഗിന് തന്നെ വലിയ പുരോഗതിയുണ്ടായിരിക്കുകയാണ്. ലോക ചരിത്രത്തിലെ തന്നെ ഞെട്ടിക്കുന്ന ട്രാന്‍സ്ഫറെന്നാണ് അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ അമേരിക്കന്‍ സൈനിങ്ങിനെ ഫുട്‌ബോള്‍ ലോകം വിശേഷിപ്പിച്ചത്.
എന്നാല്‍ മെസി മയാമിയുമായി കരാറിലേര്‍പ്പെടുന്നതിന് മുമ്പ് ക്ലബ്ബിലെ ഗോള്‍ കീപ്പര്‍ നിക്ക് മാഴ്‌സ്മാന്‍ താരത്തിന്റെ വരവിനെ വിമര്‍ശിച്ചിരുന്നു. മാഴ്‌സ്മാനെ ഇന്റര്‍ മയാമി ക്ലബ്ബില്‍ നിന്ന് പുറത്താക്കി എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ കോണ്‍ട്രാക്ട് മയാമി റദ്ദ് ചെയ്‌തെന്നും സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മെസിയുടെ വരവിനായി ക്ലബ്ബ് തയ്യാറായിട്ടില്ലെന്നും ഇവിടെ താത്കാലിക സ്റ്റേഡിയമാണുള്ളതെന്നും കാണികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കളിക്കളത്തിലേക്ക് ഇറങ്ങി വരാമെന്നും അത്തരത്തിലുള്ള ഒരു സുരക്ഷയും ഇവിടെയില്ലെന്നുമായിരുന്നു മാഴ്‌സ്മാന്റെ വിമര്‍ശനം. അദ്ദേഹത്തിന്റ പരാമര്‍ശങ്ങള്‍ ക്ലബ്ബിന് നേരത്തെ തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. അതിന് പിന്നാലെയാണ് താരത്തിന്റെ കോണ്‍ട്രാക്ട് ഇന്റര്‍ മയാമി റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, തിങ്കളാഴ്ച നടന്ന ലീഗ്സ് കപ്പില്‍ എഫ്.സി ഡല്ലാസിനെ പരാജയപ്പെടുത്തി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നു. എഫ്.സി ഡല്ലാസിന്റെ ഹോം സ്റ്റേഡിയമായ ടൊയോട്ടയില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ടീം വിജയിച്ചുകയറിയത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും നാല് ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-5 എന്ന സ്‌കോറിനാണ് മയാമി വിജയിച്ചുകയറിയത്. മത്സരത്തില്‍ മെസി ഇരട്ട ഗോള്‍ നേടിയിരുന്നു.
ഡല്ലാസിനെതിരായ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മെസി ഹെറോണ്‍സിനെ മുമ്പിലെത്തിച്ചു. എഫ്.സി ഡല്ലാസ് തിരിച്ചടിക്കുകയായിരുന്നു. ഒടുവില്‍ 4-3 എന്ന നിലയില്‍ 84ാം മിനിട്ടില്‍ ഫ്രീക്കിക്കില്‍ മെസിയിലൂടെ തന്നെ മയാമി സമനില പിടിച്ചു. തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-5 ന് ഇന്റര്‍മയാമി ജയിച്ചു കയറുകയായിരുന്നു.
നാല് മത്സരങ്ങളില്‍ ഏഴുഗോളുകളാണ് മെസി ഇതുവരെ മയാമിക്കായി നേടിയിത്. താരം വന്നതിന് ശേഷം ഇന്റര്‍ മയാമി തോല്‍വി അറിഞ്ഞിട്ടില്ലെന്നതും പ്രത്യേകതയാണ്.
Content Highlights: Inter Miami cancels Nick Marsman’s contract after criticizing Messi’s signing