| Friday, 8th December 2023, 4:29 pm

മെസിയും പിള്ളേരും ഏഷ്യന്‍ മണ്ണിലേക്ക്; ഇന്റര്‍മയാമിക്ക് ഇത് പുതുചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റര്‍മയാമിയും ലയണല്‍ മെസിയും പ്രീ സീസണ്‍ മത്സരത്തിനായി ഹോങ്കോങ്ങിലേക്ക് പോവാന്‍ സജ്ജമായിരുക്കുകയാണ്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സൗഹൃദ മത്സരം കളിക്കാന്‍ മയാമി ഹോങ്കോങ്ങിലേക്ക് പോവുന്നത്.

ഇതിന് മുമ്പ് ഒരിക്കലും മയാമി ഏഷ്യയില്‍ കളിച്ചിട്ടില്ല. ഇതിനുമുമ്പ് സീസണിന്റെ അവസാന ഘട്ടങ്ങളില്‍ ഇന്റര്‍മയാമി ചൈനയിലേക്ക് സൗഹൃദം മത്സരം കളിക്കാനായി ഒരുങ്ങിയിരുന്നു. എന്നാല്‍ ചില പ്രതിസന്ധികള്‍ക്ക് കാരണം ഈ പര്യടനം നടക്കാതെ പോവുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഏഷ്യന്‍ മണ്ണിലേക്ക് മയാമി എത്തുന്നത് പുതുചരിത്രം ആയി മാറും.

ഇന്റര്‍മയാമിയുടെ സഹ ഉടമകളായ ജോര്‍ജും, ഡേവിഡ് ബെക്കാമും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു.

‘ആദ്യമായി ഹോങ്കോങ്ങും ഏഷ്യയും സന്ദര്‍ശിക്കാന്‍ പോകുന്നതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. പുതിയ സീസണിന്റെ തുടക്കം മുതല്‍ തന്നെ ടീമിനെ ആഗോളതലത്തിലേക്ക് വളര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഹോങ്കോങ്ങിലും ഏഷ്യയിലും ഉള്ള ഇന്റര്‍മയാമി ആരാധകരെ കാണുവാനും അവരെ ആവേശത്തിലാക്കാനും ഞങ്ങള്‍ക്ക് സാധിക്കുമെന്ന് കരുതുന്നു,’ ജോര്‍ജ് മാസ് ക്ലബ്ബിന്റെ ഒഫിഷ്യല്‍ വെബ് സൈറ്റിനോട് പറഞ്ഞു.

ഏഷ്യയിലും ഹോങ്കോങ്ങിലും കളിക്കുന്നതിന്റെ സന്തോഷത്തെകുറിച്ചും ഡേവിഡ് ബെക്കാം പറഞ്ഞു.

‘മികച്ച കായിക പ്രാധാന്യമുള്ള ഒരു മനോഹരമായ നഗരമാണ് ഹോങ്കോങ്. എന്റെ കരിയറില്‍ ഞാന്‍ ഏഷ്യയില്‍ പലതവണ കളിച്ചിട്ടുണ്ട്. സീസണിന്റെ ആദ്യ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്റര്‍മയാമിയെ ഇവിടെ മത്സരിപ്പിക്കാന്‍ കൊണ്ടുപോകാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്,’ ബെക്കാം പറഞ്ഞു.

ഫെബ്രുവരി നാലിനാണ് ഇന്റര്‍മയാമി ഹോങ്കോങ്ങിനെ നേരിടുക. 40, 000ലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ഗ്യാലറിക്ക് മുന്നില്‍ ആയിരിക്കും മെസിയും കൂട്ടരും അണിനിരക്കുക. ആ സമയമാവുമ്പോഴേക്കും ഉറുഗ്വായ്ന്‍ സൂപ്പര്‍ താരം ലൂയി സുവാരസും ഇന്റര്‍മയാമിയില്‍ ചേരും എന്നത് ഏകദേശം ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

അതേസമയം തന്റെ അരങ്ങേറ്റ സീസണ്‍ തന്നെ മയാമിയില്‍ അവിസ്മരണീയമാക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. മെസിയുടെ വരവോടെ മികച്ച വിജയകുതിപ്പായിരുന്നു മയാമി നടത്തിയത്.

മയാമിക്കായി 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടാന്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തിന് സാധിച്ചിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് മെസിയുടെ നേതൃത്വത്തില്‍ സ്വന്തമാക്കാന്‍ മയാമിക്ക് സാധിച്ചിരുന്നു.

Content Highlight: Inter miami will came in Hong kong for playing friendly match.

We use cookies to give you the best possible experience. Learn more