ഖത്തറിനെ ആക്രമിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തെ പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍
Gulf
ഖത്തറിനെ ആക്രമിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തെ പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th September 2020, 3:34 pm

ദോഹ: ഉപരോധത്തിനു മുമ്പായി ഖത്തറിനെ ആക്രമിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും നേരത്തെ പദ്ധതിയിട്ടിരുന്നതായി ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് മുഹമ്മദ് അല്‍-അത്തിയ. അല്‍ ജസീറ ഞായറാഴ്ച പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് ഇക്കാര്യം പറയുന്നത്.

‘ഖത്തറിലേക്ക് ആസൂത്രിത സൈനിക അധിനിവേശത്തിന് പദ്ധതിയിട്ടിരുന്നെന്ന് തെളിയിക്കുന്ന രഹസ്യാന്വേഷണ രേഖകള്‍ ഉണ്ട്,’ ഖാലിദ് മുഹമ്മദ് അല്‍-അത്തിയ പറഞ്ഞു.

സൗദി സഖ്യം ഖത്തറിനു മേല്‍ പിന്നീട് ഏര്‍പ്പെടുത്തിയ ഉപരോധത്തെക്കുറിച്ച് പ്രതിരോധ മന്ത്രി ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നുണ്ട്. തുടക്കത്തില്‍ ഉപരോധത്തെ പിന്തുണച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നീട് നയം മാറ്റിയതിനെക്കുറിച്ചും പ്രതിരോധ മന്ത്രി പരാമര്‍ശിച്ചു.

‘പരസ്പര ബഹുമാനവും പൊതുതാല്‍പര്യങ്ങളും അടിസ്ഥാനമാക്കി യു.എസും ഖത്തറും തമ്മില്‍ നയതന്ത്രപരമായ സൗഹൃദമുണ്ട്,’ പ്രതിരോധ മന്ത്രി പറഞ്ഞു.

2017 തുടക്കത്തില്‍ ട്രംപ് ഉപരോധ നീക്കത്തിന് പിന്തുണ നല്‍കിയിരുന്നെങ്കിലും പിന്നീട് ഖത്തറിനനുകൂലമായ നയമാണ് ട്രംപ് സ്വീകരിച്ചത്. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനിയെ എന്റെ സുഹൃത്ത് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഭീകരതയെ ചെറുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.

തീവ്രവാദത്തെ പിന്തുണയ്ക്കുകയും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നെന്നും ആരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017ല്‍ ദോഹയുമായുള്ള ബന്ധം വിഛേദിക്കുകയും കര, കടല്‍, വ്യോമ ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു.

ഖത്തര്‍ ഈ ആരോപണങ്ങള്‍ നിരന്തരം നിഷേധിക്കുകയും പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സമവായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പല തവണ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Intelligence reveals plan to attack Qatar before blockade, official says