| Friday, 19th December 2014, 9:10 am

തീവ്രവാദി ആക്രമണ ഭീഷണി: തീഹാര്‍ ജയിലില്‍ കനത്ത സുരക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തീഹാര്‍ ജയില്‍ തീവ്രവാദികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ജയിലിലുള്ള തീവ്രവാദികളെ മോചിപ്പിക്കുന്നതിനായി ലഷ്‌കര്‍ ഇ തൊയ്ബ ആക്രമണം നടത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

നിലവില്‍ തീഹാര്‍ ജയിലില്‍ ത്രീ ലെയര്‍ സുരക്ഷാ സംവിധാനമുണ്ട്. ഇന്‍ലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇത് കുറേക്കൂടി വ്യാപിപ്പിച്ചു. ആഭ്യന്തര മന്ത്രാലയം തീവ്രവാദ ആക്രമണം സംബന്ധിച്ചു സൂചന നല്‍കിയതുമുതല്‍ ദല്‍ഹി പോലീസും ജാഗ്രത പാലിക്കുന്നുണ്ട്.

നിരവധി തീവ്രവാദികളും ഉന്നതരുമാണ് തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുള്ളതെന്നും അവരുടെ സുരക്ഷയ്ക്കാണു മുഖ്യ പ്രാധാന്യം നല്‍കുന്നതെന്നും ജയിലധികൃതര്‍ വ്യക്തമാക്കി.  ജയിലടയ്ക്കപ്പെട്ട പാകിസ്ഥാനി തീവ്രവാദികളെ സ്വതന്ത്രരാക്കാന്‍ ആക്രമണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഇതിന്റെ ഭാഗമായി ജയിലിനു പുറത്തും അകത്തും കര്‍ശനമായ സുരക്ഷ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി.

നിരവധി തീവ്രവാദികളും രാഷ്ട്രീയക്കാരുമാണ് തീഹാര്‍ ജയിലിലുള്ളത്. മുന്‍ ഹരിയാന മുഖ്യമന്ത്രി ഒ.എം പ്രകാശും സഹാറ തലവന്‍ സുബ്രതാ റോയിയും ഉള്‍പ്പെടെയുള്ള ഉന്നതരും ഇവിടെയാണുള്ളത്.

We use cookies to give you the best possible experience. Learn more