ഇസ്രഈലിന്റെ ഇന്റലിജന്‍സില്‍ വീഴ്ച? സംഭവിക്കുന്നതിനെക്കുറിച്ച് ഒരു ഊഹവും ഇല്ലെന്ന് മുന്‍ മൊസാദ് മേധാവി
World News
ഇസ്രഈലിന്റെ ഇന്റലിജന്‍സില്‍ വീഴ്ച? സംഭവിക്കുന്നതിനെക്കുറിച്ച് ഒരു ഊഹവും ഇല്ലെന്ന് മുന്‍ മൊസാദ് മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th October 2023, 11:27 am

ജറുസലേം: ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രഈലിന്റെ ഇന്റലിജന്‍സ് സംവിധാനം ചോദ്യം ചെയ്യപ്പെടുന്നു. ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രഈല്‍ സേന തിരിച്ചടി ആരംഭിച്ചെങ്കിലും ശക്തമായ ആക്രമണത്തിന് കാരണമായത് ഇസ്രഈലിന്റെ ഇന്റലിജന്‍സ് സംവിധാനത്തിലുണ്ടായ പാളിച്ചയാണെന്നാണ് വിലയിരുത്തല്‍.

എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് യാതൊരു സൂചനയും ഇല്ലെന്നാണ് ഇസ്രഈലിന്റെ മുന്‍ മൊസാദ് മേധാവി എഫ്രേം ഹാലവി പ്രതികരിച്ചത്.

’24 മണിക്കൂറിനുള്ളില്‍ അവര്‍ വിക്ഷേപിച്ച മിസൈലുകളുടെ എണ്ണം മൂവായിരത്തിലധികം വരും. അത് ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. അവര്‍ക്ക് ഇത്രയും മിസൈലുകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അവ ഇതുപോലെ ഫലപ്രദമാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല,’ എഫ്രേം ഹാലവി പറഞ്ഞു.

ശനിയാഴ്ച മുമ്പുണ്ടായിട്ടില്ലാത്ത അത്രയും റോക്കറ്റുകളാണ് ഫലസ്തീന്‍ തീവ്രവാദികള്‍ തൊടുത്തുവിട്ടതെന്നും ഹാലവി പറഞ്ഞു. ഇതൊരു അസാധാരണമായ ആക്രമണമാണെന്നും ഇതാദ്യമായാണ് ഗാസയ്ക്ക് ഇസ്രായേലിലേക്ക് തുളച്ചുകയറാനും ഗ്രാമങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും സാധിക്കുന്നതെന്നും അദ്ദേഹം സി.എന്‍.എന്നിനോട് പറഞ്ഞു.

ഒരു ഓപ്പറേഷന്‍ എന്ന നിലയില്‍ ഇത് വളരെ വിജയകരമായിരുന്നെന്നും വലിയ പദ്ധതികളോട് കൂടിയ ആക്രമണമാണ് നടന്നതെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

1973ലെ യോം കിപ്പുര്‍ യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികം കഴിഞ്ഞ് തൊട്ടടുത്തദിവസമാണ് ഹമാസ് സായുധസംഘം ഇസ്രഈലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്. യോം കിപ്പുര്‍ യുദ്ധത്തിന് സമാനമായ ആക്രമാണ് നടന്നിരിക്കുന്നത് എന്നാണ് ഇസ്രഈല്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ മുന്‍ മേധാവി ജനറല്‍ ജിയോറ ഐലന്‍ഡിന്റെ പ്രതികരണം. ശക്തമായ പദ്ധതികളോടെ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രഈല്‍ നിശ്ചലമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രഈലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളുലുണ്ടായ വീഴ്ചയെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നതോടെ അക്കാര്യത്തില്‍ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോരാട്ടത്തിലാണ്. അതിനെക്കുറിച്ച് സംസാരിക്കാന്‍ സമയമാകുമ്പോള്‍ വിഷയത്തില്‍ പ്രതികരിക്കുമെന്നും ജിയോറ പറഞ്ഞു.

Content Highlights: Intelligence failure Israel force under Scrutinity