അടുത്തിടെ ഇന്ത്യയില്‍ പുതിയ ബ്രാഞ്ച് രൂപീകരിച്ച അല്‍-ഖയിദയുടെ നേതാവ് അയ്മന്‍ അല്‍ സവാഹിരി ഇന്ത്യയിലെ വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രങ്ങളും, മതപരമായ പ്രത്യേകതയുള്ള സ്ഥലങ്ങളും, വ്യോമ, റെയില്‍ മേഖലകളും ബി.ജെ.പി ഓഫീസുകളും ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.
“ഇന്ത്യയില്‍ “ഇസ്‌ലാമിക നിയവും ജിഹാദിന്റെ കൊടിയും” ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അല്‍-ഖയിദ ഇവിടെ പുതിയ ബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. അല്‍-ഖയിദയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്നവര്‍ സാമുദായിക പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.” ഐ.ബി റിപ്പോര്‍ട്ടില്‍ പറയുന്നു.
അല്‍-ഖയിദ ആശയങ്ങളെ പിന്തുണയ്ക്കുന്ന സംഘടനകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം വിഭാഗത്തില്‍ നിന്നും ആളുകളെ അവരുടെ സംഘത്തിലേക്ക് ചേര്‍ക്കുന്നുണ്ടെന്നും ഐ.ബി പറയുന്നു. വാണിജ്യ, വിനോദ സഞ്ചാര, വ്യോമ, റെയില്‍വേ കേന്ദ്രങ്ങള്‍ക്ക് പുറമേ വിവിധ സ്ഥലങ്ങളിലെ ബി.ജെ.പി ഓഫീസുകളും ഇവര്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഐ.ബി മുന്നറിയിപ്പ് നല്‍കുന്നു.
ഇതുവരെ തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ഇത്തരം സംഘടനകളെ പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ. തൊയ്ബ, ജെയ്ഷ-ഇ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പോലുള്ള സംഘടനകള്‍ ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ വേണ്ടി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഐ.ബി പറയുന്നു.