| Tuesday, 23rd April 2019, 10:51 pm

സ്‌ഫോടനപരമ്പരയെക്കുറിച്ച് വിവരം ലഭിച്ചിട്ടും പങ്കുവെച്ചില്ല; ശ്രീലങ്കന്‍ പ്രതിരോധ സേനയില്‍ അഴിച്ചു പണി നടത്തുമെന്ന് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ആക്രമണം നടക്കുമെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടും, മുന്നൂറിലധികം പേരുടെ മരണത്തിന് കാരണമായ സ്‌ഫോടന പരമ്പര തടയുന്നതില്‍ പരാജയപ്പെട്ട രാജ്യത്തെ പ്രതിരോധ സേനയില്‍ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ അഴിച്ചു പണിയുണ്ടാകുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ‘രാജ്യത്തെ പൊലീസ്, സുരക്ഷാ സേനകളുടെ ഘടനയില്‍ വരുന്ന ദിവസങ്ങളില്‍ ഞാന്‍ അഴിച്ചു പണികള്‍ നടത്തും. പ്രതിരോധ സേനാ തലവനെ അടുത്ത 24 മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റുമെന്നാണ് കരുതുന്നത്’- സിരിസേന പറഞ്ഞു.

‘സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ആക്രമണത്തെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും അവര്‍ എന്നോട് പങ്കു വെച്ചില്ല. വേണ്ട നടപടികള്‍ എടുക്കാമായിരുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ ഞാന്‍ ശക്തമായ നടപടി എടുക്കും’- രാജ്യത്തെ സംബോധന ചെയ്തു കൊണ്ട് പ്രസിഡന്റ് പറയുന്നു.

സ്‌ഫോടനപരമ്പരയുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന. അതേസമയം, രാജ്യത്ത് കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്ന വിവരം ലഭിച്ചതായും, കൂടുതല്‍ തീവ്രവാദികള്‍ പുറത്തുണ്ടെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രംസിംഗെ നേരത്തെ പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലിനിടെ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ആക്രമണത്തെക്കുറിച്ച് ഐ.എസ് അനുഭാവിയില്‍ നിന്നും ഇന്ത്യക്ക് ലഭിച്ച വിവരം ഏപ്രിലില്‍ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്തിരുന്നു.

31 വിദേശികളടക്കം മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ കൃസ്ത്യന്‍ ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്ന സ്ഫോടന പരമ്പരകളുടെ പിന്നില്‍ തങ്ങളാണെന്ന് പറഞ്ഞു കൊണ്ട് എട്ട് ചാവേറുകളുടെ ചിത്രവും ഐ.എസ് പുറത്തു വിട്ടിരുന്നു.

‘യു.എസിലേയും ശ്രീലങ്കയിലേയും ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈന്യമാണെന്ന് സുരക്ഷാ ഏജന്‍സി വൃത്തങ്ങള്‍ അമാഖ് ഏജന്‍സിയോടു പറഞ്ഞു’- അമാഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന പ്രാദേശിക സംഘടനയാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു ശ്രീലങ്കന്‍ സര്‍ക്കാറിന്റെ പ്രാഥമിക നിഗമനം.

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ് ലിംങ്ങള്‍ക്കെതിരെയുണ്ടായ ഭീകരാക്രമണത്തിനുള്ള മറുപടിയാണ് ശ്രീലങ്കയിലേതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കിയത്. പാര്‍ലമെന്റിലെ അടിയന്തര സമയത്ത് സംസാരിക്കവെ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജെവര്‍ധനെ പറഞ്ഞു.

എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല.

സ്‌ഫോടനപരമ്പരയില്‍ എട്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തില്‍ കാസര്‍കോട് സ്വദേശിയായ റസീനയും കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്കു ശ്രീലങ്കന്‍ പൗരത്വമുണ്ട്.

സ്‌ഫോടനപരമ്പരയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വന്നിരുന്നു.

Image Credits: AFP

We use cookies to give you the best possible experience. Learn more