| Monday, 1st February 2021, 8:53 pm

ശബരീനാഥന്‍ എം.എല്‍.എയെ അധിക്ഷേപിക്കുന്ന പരാമര്‍ശം; മാപ്പു പറഞ്ഞ് എഴുത്തുകാരന്‍ ബെന്യാമിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:ശബരീനാഥന്‍ എം.എല്‍.എയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വിളിപ്പേര് ഉപയോഗിച്ചതില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്കിലൂടെയായിരുന്നു ബെന്യാമിന്റെ ക്ഷമാപണം.

കഴിഞ്ഞ വര്‍ഷം താനും ശബരീനാഥന്‍ എം.എല്‍.എയും തമ്മില്‍ ഉണ്ടായ കടുത്ത വാക്ക്പയറ്റില്‍ തികച്ചും സന്ദര്‍ഭവശാല്‍ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായെന്നും എന്നാല്‍ ആ വാക്കുതര്‍ക്കത്തിനിടയില്‍ അപ്പോള്‍ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള /പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നെന്നും ബെന്യാമിന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളില്‍ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാല്‍ ആക്ഷേപങ്ങള്‍ ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നെന്നും ഇനിയെങ്കിലും അത് ഒഴിവാക്കാനുള്ള ഒരു കൂട്ടായ ശ്രമം ഉണ്ടാവണം എന്നെല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നെന്നും ബെന്യാമിന്‍ പറഞ്ഞു.

ഒട്ടും മനപൂര്‍വ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് തനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതില്‍ ശബരിയോട് നിര്‍വ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നെന്നും ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൊവിഡ് കാലത്ത്
പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ചായിരുന്നു കെ.എസ് ശബരിനാഥന്‍ എം.എല്‍.എയും എഴുത്തുകാരന്‍ ബെന്യാമിനും തമ്മില്‍ രൂക്ഷമായ വാക്ക്‌പോര് അരങ്ങേറിയത്. ‘താങ്കള്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസിലെ ഞാനടക്കമുള്ള യുവ എംഎല്‍എമാര്‍ പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ സഹായം സമാഹരിക്കുകയാണെന്നും യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള പരിപാടിയില്‍ താങ്കള്‍ സഹായം ചെയ്യാമോ? ഇതില്‍ രാഷ്ട്രീയവ്യത്യാസമില്ല’ എന്ന ശബരിനാഥന്റെ പോസ്റ്റിന് രൂക്ഷമായ ഭാഷയിലായിരുന്നു ബെന്യാമിന്‍ മറുപടി നല്‍കിയത്. ‘ശബരി, തക്കുടുക്കുട്ടാ, മോനെ പോയി വല്ല തരത്തിലും തണ്ടിയിലും കളിക്കൂ’ എന്നായിരുന്നു ബെന്യാമിന്റെ മറുപടി. അന്യന്റെ പോക്കറ്റില്‍ കിടക്കുന്ന പണത്തിന്റെ ബലത്തില്‍ മോന്തക്ക് പുട്ടി തേച്ച സ്വന്തം ഫോട്ടോ എടുത്ത് പോസ്റ്ററടിച്ച് ഫേസ് ബുക്കില്‍ ഇടുന്ന അല്പത്തരത്തിന്റെ പേരല്ല പരസഹായമെന്നും ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ഖേദപൂര്‍വ്വം ഒരു കുറിപ്പ്
പ്രിയപ്പെട്ടവരേ,
നമ്മില്‍ ഭൂരിപക്ഷവും ഓരോരോ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരും അവയെ പിന്തുടരുന്നവരുമാണ്. അതുകൊണ്ടു തന്നെ പൊതുമണ്ഡലങ്ങളിലും സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയം പറയാന്‍ പ്രേരിതര്‍ ആവുകയും ചെയ്യും.

അത് ചിലപ്പോള്‍ വാക്കുകള്‍കൊണ്ടുള്ള ആക്രമണ പ്രത്യാക്രമണങ്ങളിലും പരിഹസങ്ങളിലും കളിയാക്കലുകളിലും ഒക്കെ ചെന്നു കലാശിക്കാറുമുണ്ട്. എന്നല്‍ അത് അവിടെ അവസാനിക്കേണ്ടതും തുടര്‍ന്നും വിദ്വേഷം വച്ചുപുലര്‍ത്തതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. രാഷ്രീയപരമായ വിയോജിപ്പുകളിലേക്ക് കുടുംബത്തിലുള്ള മറ്റ് അംഗങ്ങളെ വലിച്ചിഴക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാനും കഴിയില്ല. ഇതിപ്പോള്‍ പറയാന്‍ ഒരു കാരണമുണ്ട്.

കഴിഞ്ഞ വര്‍ഷം ഞാനും ശ്രീ. ശബരീനാഥന്‍ എം.എല്‍.എ തമ്മില്‍ ഉണ്ടായ കടുത്ത വാക്ക്പയറ്റ് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതിനിടയില്‍ ഞാന്‍ തികച്ചും സന്ദര്‍ഭവശാല്‍ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതര്‍ക്കത്തിനിടയില്‍ അപ്പോള്‍ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള /പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളില്‍ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാല്‍ ആക്ഷേപങ്ങള്‍ ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു.

നമ്മുടെ രാഷ്രീയപരമായ എതിരഭിപ്രയങ്ങള്‍ പ്രകടിപ്പിക്കുവാന്‍ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ. രാഹുല്‍ ഗാന്ധിയെ അമൂല്‍ ബേബിയെന്ന് വിളിക്കുന്നതിലും പിണറായി വിജയനെ ചെത്തുകാരന്‍ എന്നു വിളിക്കുന്നതിലും കെ. സുരേന്ദ്രനെ ഉള്ളി സുര എന്ന് വിളിക്കുന്നതിലും ഒക്കെ അരാഷ്ട്രിയത ഉണ്ട് എന്ന് ഞാന്‍ കരുതുന്നു. അതേ നിലപാട് തന്നെയാണ് ശബരീനാഥന്റെ കാര്യത്തിലും എനിക്കുള്ളത്. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് നമുക്ക് കടുത്ത വിയോജിപ്പ് ഉണ്ടാവാം. അത് നാം ഉറക്കെ പറയുക തന്നെ വേണം. എന്നാല്‍ അത് ചുമ്മതെ കളിപ്പേരുകള്‍ വിളിച്ചാക്ഷേപിക്കുന്നതിലേക്ക് താഴ്ന്നു പോകരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ആ പരിഹാസം പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബാങ്ങള്‍ക്കു നേരെയും അവരുടെ സന്തോഷ നിമിഷങ്ങള്‍ക്ക് നേരെയും നീണ്ടു ചെല്ലുന്നു എന്നതാണ് ഏറ്റവും ഖേദകരം. ഇനിയെങ്കിലും അത് ഒഴിവാക്കാനുള്ള ഒരു കൂട്ടായ ശ്രമം ഉണ്ടാവണം എന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്നുമാത്രല്ല, ഒട്ടും മനപൂര്‍വ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതില്‍ ശബരിയോട് നിര്‍വ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

എന്നെ വായിക്കുകയും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാവരും ദയവായി എന്റെ അഭ്യര്‍ത്ഥന കൈക്കൊള്ളണമെന്നും അത്തരം വിളിപ്പേരുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹത്തോടെ
ബെന്യാമിന്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  insulting remarks against K. S. Sabarinathan MLA; author Benyamin Apologizing in publicly

We use cookies to give you the best possible experience. Learn more