അയ്യന്‍ങ്കാളിയെ അധിക്ഷേപിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത് മലയാളികള്‍: എസ്. ഹരീഷ്
Kerala News
അയ്യന്‍ങ്കാളിയെ അധിക്ഷേപിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത് മലയാളികള്‍: എസ്. ഹരീഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd August 2023, 9:08 pm

കൊച്ചി: ആധുനിക ജനാധിപത്യ കേരളം രൂപപ്പെട്ടത് മഹാത്മാ അയ്യന്‍ങ്കാളിയുടെ പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് സാഹിത്യകാരന്‍ എസ്. ഹരീഷ് . അയ്യന്‍ങ്കാളി അപമാനിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നും മറിച്ചു മലയാളികളാണ് അപമാനിക്കപ്പെടുന്നതെന്നും എസ്. ഹരീഷ് പറഞ്ഞു. ആധുനിക കേരള ശില്പി മഹാത്മാ അയ്യന്‍ങ്കാളിയെ അധിക്ഷേപിക്കുന്ന സാംസ്‌കാരിക ജീര്‍ണ്ണതക്കെതിരെ ദളിത് സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന ജനകീയ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിന്തകനും എഴുത്തുകാരനും ഡി.എസ്.എം ചെയര്‍മാനുമായ സണ്ണി എം. കപിക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. അയ്യന്‍ങ്കാളി അധിക്ഷേപിക്കപ്പെടുമ്പോള്‍ ആധുനിക കേരളമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും കേരളത്തിന്റെ ജാതീയതയാണ് അധിക്ഷേപത്തിലൂടെ വെളിവാകുന്നതെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

അയ്യന്‍ങ്കാളിയെ അപമാനിക്കുന്ന സാംസ്‌കാരിക ജീര്‍ണ്ണതക്കെതിരെ സോഷ്യല്‍ മീഡിയിലൂടെയെങ്കിലും ഒരു പ്രസ്താവന നടത്താന്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് കേരളത്തിന്റെ ഈ ജാതിജീവിതത്തെ കൂടുതല്‍ വ്യക്തമാക്കുന്നതാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യാതെ ആഭ്യന്തര മന്ത്രി പിണറായി വിജയന്‍ എന്തിനാണ് അയ്യന്‍ങ്കാളി പ്രതിമയില്‍ മാലയിടുന്നതെന്ന് ജനങ്ങള്‍ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ വരെ ജാതിവെറിയെ നിസാരമായി കാണുന്നത് ദളിതര്‍ ഒരു വോട്ടുബാങ്കല്ലാത്തത് കൊണ്ടാണെന്നും അതുകൊണ്ട് ദളിതരുടെ വോട്ട് ആര്‍ക്കും തീറാധാരമായി എഴുതി നല്‍കിയിട്ടില്ലെന്ന് പ്രഖ്യാപിക്കാന്‍ ദളിതര്‍ ഒരു വോട്ടുബാങ്കായി മാറുകയാണ് വേണ്ടതെന്നു സണ്ണി എം. കപിക്കാട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സമ്മേളനത്തില്‍ ഡോ. ടി.എന്‍. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഡി.എസ്.എം ജനറല്‍ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ് സ്വാഗതം പറഞ്ഞു. ജനകീയ സദസ്സില്‍ ചരിത്രകാരന്‍ ചെറായി രാമദാസ്, കവി സി.എസ്. രാജേഷ്, ആദിവാസി പ്രവര്‍ത്തക ചിത്ര നിലമ്പൂര്‍, സലാലുദ്ദീന്‍ അയുബി, പ്രൊഫ. കുസുമം ജോസഫ്, അഡ്വ.പി.കെ. ശാന്തമ്മ, ഐ.ഗോപിനാഥ്, റ്റി. എം. സത്യന്‍, ബിജോയ് ഡേവിഡ്, മണികണ്ഠന്‍ കാട്ടാമ്പള്ളി, പി.കെ. സന്തോഷ് കുമാര്‍, തങ്കമ്മ ഫിലിപ്പ്, കെ. വത്സകുമാരി, ശരത് ചേലൂര്‍, എം.ഡി തോമസ്, ഗോവിന്ദന്‍ കിളിമാനൂര്‍, കെ. സുനില്‍ കുമാര്‍, പി.കെ. മോളി ടീച്ചര്‍, റ്റി.റ്റി. വിശ്വംഭരന്‍, കെ.എം സാബു., പി.പി. ജോയി, അഡ്വ. ഭദ്രകുമാരി, എം.എ. സുധീര്‍, ഹരീഷ് കുമാര്‍, സജി കാവാലം, ആര്‍ പ്രസന്നന്‍, രാജന്‍ കൈതക്കാട്, കെ.കെ.എസ്. ചെറായി, എം.എ. ഷാജന്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights: Insulting Ayyankali is an insult to Malayalees: S. Harish