മതനിന്ദയെ അഭിപ്രായ സ്വാതന്ത്ര്യമായി ചിത്രീകരിക്കരുതെന്ന് മുസ്‌ലിം രാഷ്ട്രങ്ങള്‍
World
മതനിന്ദയെ അഭിപ്രായ സ്വാതന്ത്ര്യമായി ചിത്രീകരിക്കരുതെന്ന് മുസ്‌ലിം രാഷ്ട്രങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th September 2012, 8:30 am

ന്യൂയോര്‍ക്ക്: മതനിന്ദയെ അഭിപ്രായസ്വാതന്ത്ര്യം എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ്‌ പാശ്ചാത്യരാജ്യങ്ങള്‍ ചെയ്യുന്നതെന്ന് വിവിധ മുസ്‌ലിം രാജ്യങ്ങള്‍. ഐക്യരാഷ്ട്ര സഭയില്‍ ചര്‍ച്ചക്കിടയിലാണ് മതവിശ്വാസം വ്രണപ്പെടുത്തുന്ന സംഭവങ്ങള്‍ തുടര്‍ക്കഥായാകുന്നതിനെ കുറിച്ച് മുസ്‌ലിം രാഷ്ട്രങ്ങള്‍ ഇക്കാര്യം പറഞ്ഞത്. ഇസ്‌ലാംവിരുദ്ധതയുടെ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പാശ്ചാത്യരാജ്യങ്ങള്‍ അവഗണിക്കുകയാണെന്നും  കിഴക്ക്-പടിഞ്ഞാറ് സംസ്‌കാരങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാകാന്‍ ഇത് കാരണമാകുമെന്നും രാഷ്ട്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി.[]

അടുത്തിടെ ഇറങ്ങിയ മുസ്‌ലിം വിരുദ്ധ ചിത്രമായ ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ് എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് രാഷ്ട്രങ്ങള്‍ യു.എന്നില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഇതിനു തൊട്ടുപിന്നാലെ ഒരു ഫ്രഞ്ച് മാസിക മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതും പ്രതിഷേധം ആളിക്കത്തിച്ചു.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇസ്‌ലാം മതത്തിനെതിരായി ഭയം ഉണ്ടാക്കുന്ന പ്രവണത  പ്രോത്സാഹിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നടപടി അവസാനിപ്പിക്കാന്‍ തുര്‍ക്കി വിദേശകാര്യമന്ത്രി അഹമ്മദ് ദാവേതോഗ്ലു  ആവശ്യപ്പെട്ടു. ഈജിപ്ഷ്യന്‍ പ്രസിഡന്റ്  മുഹമ്മദ് മുര്‍സിയും ഇതേ ആവശ്യം ഉന്നയിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഈജിപ്ത് ബഹുമാനിക്കുന്നെന്നും എന്നാല്‍ മറ്റൊരാളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും മുഹമ്മദ് മുര്‍സി പറഞ്ഞു. മതനിന്ദ ശിക്ഷാര്‍ഹമാക്കണമെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷനിലെ 57 അംഗരാജ്യങ്ങളിലെയും വിദേശമന്ത്രിമാര്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.