| Thursday, 21st August 2014, 10:12 am

ദേശീയഗാനത്തെയും പതാകയെയും അവഹേളിച്ചതിന് അറസ്റ്റിലായ വിദ്യാര്‍ത്ഥി റിമാന്‍ഡില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ പതാകയെയും ദേശീയഗാനത്തെയും അവഹേളിച്ചെന്നാരോപിച്ച് അറസ്റ്റിലായ ബിരുദവിദ്യാര്‍ത്ഥിയെ റിമാന്‍ഡ് ചെയ്തു. ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുന്ന സമയത്ത് കൂവുകയും ഫേസ്ബുക്കില്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തുകയും ചെയ്തുവെന്ന പരാതിയെ തുടര്‍ന്നാണ്‌  പേരൂര്‍ക്കട പത്മവിലാസം ലെയിനില്‍ ബിസ്മിയില്‍ സല്‍മാനെ(25) പോലീസ് അറസ്റ്റ് ചെയ്തത്. ഐ.ടി നിയമം 66 എ, ഐ.പി.സി 124 എ(രാജ്യദ്രോഹം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ചൊവ്വാഴ്ച്ച രാത്രി അറസ്റ്റിലായ സല്‍മാനെ ബുധാനാഴ്ച്ച രാത്രിയോടെയാണ് മജിസ്‌ട്രേറ്റ് ഡി.എസ് നോബലിന്റെ വസതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്തത്.

[] തിരുവനന്തപുരത്തെ നിള തിയ്യറ്ററില്‍ സിനിമയ്ക്ക് മുമ്പ് സ്‌ക്രീനില്‍ ദേശീയഗാനം അവതിരപ്പിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കണമെന്ന നിര്‍ദേശം പാലിക്കാതിരിക്കുകയും ദേശീയഗാനത്തെ കൂവി അധിക്ഷേപിക്കുകയും ചെയ്തുവെന്നതാണ് പരാതി. രണ്ട് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമടങ്ങുന്ന സംഘത്തിനെതിരെയാണ് പരാതി ലഭിച്ചത്.

ഇവരില്‍ ഒരാള്‍ ദേശീയപതാകയെ അവഹേളിച്ച് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയെന്നും പരാതിയുണ്ട്. ഇതിനു താഴെ ദേശവിരുദ്ധ പരാമര്‍ശം നടത്തി എന്നതാണ് സല്‍മാനെതിരെയുള്ള കേസ്.

അതേസമയം പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. ഒരു ഭീകരവാദിയെ കൊണ്ടുപോകുന്നതുപോലെയാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാതാപിതാക്കളെയോ സുഹൃത്തുക്കളെയോ സല്‍മാനെ കാണാന്‍ അനുവദിച്ചിരുന്നില്ല എന്നും പരാതിയുയര്‍ന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും തന്നെ സല്‍മാനെ അറസ്റ്റ് ചെയ്തപ്പോള്‍ പോലീസ് പാലിച്ചിരുന്നില്ല.

ചൊവ്വാഴ്ച്ച രാത്രി പത്തുമണിയോടെ പോലീസ് സല്‍മാന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കമ്പ്യൂട്ടര്‍, പുസ്തകങ്ങള്‍, വിദ്യാര്‍ത്ഥി മാസിക, യു.എ.പി.എ നിയമത്തെക്കുറിച്ചുള്ള ഇഗ്ലീഷിലുള്ള ലേഖനം എന്നിവയാണ് സല്‍മാന്റെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്.

സല്‍മാന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളാണെന്നും ബി.ആര്‍.പി ഭാസ്‌കര്‍, അഡ്വ. പി.എ പൗരന്‍ തുടങ്ങിയവര്‍ പങ്കെടുത്ത യു.എ.പി.എ നിയമത്തിനെതിരെ സെക്രട്ടറിയേറ്റ് നടയില്‍ നടന്ന സമരത്തില്‍ സല്‍മാന്‍ പങ്കെടുത്തിരുന്നതായി പോലീസ് പറയുന്നു.

സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ഇവര്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും സി.ഐ വൈ.കമറുദ്ദീന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more