| Wednesday, 16th October 2024, 7:50 am

സെന്റ് ഫ്രാൻസിസ് സേവ്യറിനെ അപമാനിച്ച സംഭവം; ഗോവ മുൻ ആർ.എസ്.എസ് മേധാവി വെലിങ്കറിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: കത്തോലിക്കാ സഭയുടെ വിശുദ്ധൻ സെന്റ് ഫ്രാൻസിസ് സേവ്യറിനെക്കുറിച്ചുള്ള പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ മുൻ സംസ്ഥാന ആർ.എസ്.എസ് മേധാവി സുഭാഷ് വെലിങ്കറിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി.

ഒക്‌ടോബർ 10 ന് വെലിങ്കറിന് മുൻ‌കൂർ ജാമ്യം അനുവദിച്ച ജസ്റ്റിസ് ബി.പി ദേശ്പാണ്ഡെയുടെ സിംഗിൾ ബെഞ്ച്, മുൻകൂർ ജാമ്യത്തിനായുള്ള പ്രധാന ഹർജിയും ക്രിസ്തുമത വിശ്വാസികൾ സമർപ്പിച്ച മറ്റ് അഞ്ച് ഹരജികളും തീർപ്പാക്കിയിരുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒക്‌ടോബർ ആറിന് മുൻ ആർ.എസ്.എസ് നേതാവിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നല്കപ്പെട്ടിരുന്നു. തുടർന്നാണ് ബിച്ചോലിം പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.

എ.എ.പി എം.എൽ.എ ക്രൂസ് സിൽവ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് ഭാരതീയ ന്യായ് സംഹിതയുടെ സെക്ഷൻ 35 (ശരീരത്തിൻ്റെയും സ്വത്തിൻ്റെയും സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം) പ്രകാരം വെലിങ്കറിന് നോട്ടീസ് നൽക്കുകയായിരുന്നു.

‘ദുരുദ്ദേശത്തോടെ പ്രതി സെൻ്റ് ഫ്രാൻസിസ് സേവ്യറിനെതിരെ അപകീർത്തികരമായ പ്രസംഗം നടത്തി, പരാതിക്കാരൻ്റെയും അദ്ദേഹത്തിന്റെ മതത്തിലെ മുഴുവൻ വിഭാഗത്തിൻ്റെയും മറ്റുള്ളവരുടെയും മതവികാരങ്ങളെ പ്രകോപിപ്പിക്കുകയും മതവിശ്വാസങ്ങളെ അവഹേളിക്കുകയും ചെയ്തു,’ എഫ്.ഐ.ആറിൽ പറയുന്നു.

പോലീസ് വിളിക്കുമ്പോൾ സ്റ്റേഷനിൽ ഹാജരാകുമെന്നും അന്വേഷണ ഏജൻസിയുമായി സഹകരിക്കുമെന്നും വെലിങ്കറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. ഡി. ലോട്ട്‌ലിക്കർ വാദിച്ചു.

വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെക്കുറിച്ചുള്ള വെലിങ്കറുടെ പ്രസ്താവന ഒക്ടോബർ ആറിന് സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഈ ആഴ്ച ആദ്യം, വെലിങ്കർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പുകളുടെ ഡി.എൻ.എ ടെസ്റ്റ് നടത്താൻ ആഹ്വാനം ചെയ്യുകയും വിശുദ്ധനെ ‘ഗോഞ്ചോ സായ്ബ്’ (ഗോവയുടെ സംരക്ഷകൻ) എന്ന് വിളിക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു.

പിന്നാലെ വലിയ പ്രതിഷേധം ഉയരുകയായിരുന്നു. പ്രധാന പ്രതിഷേധം മർഗോ ടൗണിൽ നടന്നു, ജനങ്ങൾ അവിടെ ദിവസം മുഴുവൻ ഹൈവേ തടഞ്ഞു. പ്രതിഷേധക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സെൻ്റ് ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പുകൾ പഴയ ഗോവയിലെ ബോം ജീസസ് ബസിലിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Content Highlight: Insult to St Francis Xavier: HC grants bail to ex-Goa RSS chief Velingkar

Video Stories

We use cookies to give you the best possible experience. Learn more