'രാജീവ് ഗാന്ധിയെ അപമാനിച്ചാൽ നോവുന്നത് ഇന്ത്യക്കാരുടെ മനസ്സ്': കെ.സി. വേണുഗോപാൽ
ന്യൂദൽഹി: രാജീവ് ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. രാജീവ് ഗാന്ധിയെ അപമാനിച്ചാൽ നോവുന്നത് ഇന്ത്യക്കാരുടെ മനസാണെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. പരാജയഭീതിയിൽ സമനില തെറ്റിയ ഒരു പ്രധാനമന്ത്രിയെ രാജ്യം ഇനി എത്ര നാൾ സഹിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
അധപതനത്തിന്റെ അങ്ങേയറ്റമെത്തിയിരിക്കുന്നു നരേന്ദ്ര മോദിയുടെ വാക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധിയെക്കുറിച്ചുള്ള മോദിയുടെ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ.
നേരത്തെ, രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായിരുന്നെന്ന മോദിയുടെ പരാമർശത്തിനു മറുപടിയുമായി മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. മോദിക്ക് മോദിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവരുടെ മേൽ ചാരേണ്ടെന്നും അത് നിങ്ങളെ സംരക്ഷിക്കില്ലെന്നും നിങ്ങളുടെ കർമഫലം നിങ്ങൾ അനുഭവിക്കുമെന്നും രാഹുൽ മോദിയോടു പറഞ്ഞു.
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ മോദി അപമാനിച്ചെന്നു പ്രിയങ്ക ആരോപിച്ചു. വഞ്ചകര്‍ക്കു രാജ്യം മാപ്പുനല്‍കില്ലെന്നും മോദിക്ക് അമേഠി മറുപടി നല്‍കുമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
‘നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.’ എന്നാണ് മോദി രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രസംഗിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രാഹുല്‍ ഗാന്ധി റാഫേല്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് മോദിയെ ചൊടിപ്പിച്ചത്. തന്റെ ഇമേജ് തകര്‍ക്കാനായിരുന്നു രാഹുല്‍ ഗാന്ധി റാഫേലിനെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്തതെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.