| Saturday, 5th March 2022, 3:44 pm

'ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു'; ഓപ്പറേഷന്‍ ഗംഗയെ വിമര്‍ശിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉക്രൈയ്‌നില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടുവെന്ന മാധ്യമ വാര്‍ത്തകളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

രാഹുല്‍ സംഭവത്തെ അപലപിക്കുകയും ഇത് രാജ്യത്തിന് മുഴുവന്‍ അപമാനമാണെന്ന് പറയുകയും ചെയ്തു.

ഓപ്പറേഷന്‍ ഗംഗയിലെ ഈ കയ്‌പേറിയ യാഥാര്‍ത്ഥ്യം മോദി ഭരണത്തിന്റെ തനിനിറമാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ഓപ്പറേഷന്‍ ഗംഗയെ നേരത്തെയും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ഔദാര്യമല്ലെന്നും കടമയാണെന്നുമാണ് രാഹുല്‍ പറഞ്ഞത്.

ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കുന്ന ദൗത്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു.

ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാവുന്നുണ്ടെന്നും വിദ്യാര്‍ത്ഥിക്കള്‍ക്ക് ആവശ്യത്തിന് വിമാനങ്ങള്‍ ക്രമീകരിക്കണമെന്നും മമത പറഞ്ഞിരുന്നു.

‘ഉക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. ആരുടെയായാലും ജീവന്‍ വളരെ വിലപ്പെട്ടതാണ്. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കുട്ടികളെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് ഇത്രയും സമയമെടുക്കുന്നത്. മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യാന്‍ എന്തുകൊണ്ട് പറ്റുന്നില്ല,’ എന്നും മമത ബാനര്‍ജി ചോദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more