| Friday, 5th July 2019, 10:01 am

പിന്തുടര്‍ന്ന് പിടികൂടണ്ട; ഗുരുതര കേസുകളിലൊഴികെ രാത്രി കസ്റ്റഡി വേണ്ട; പൊലീസിന് മൂക്കുകയറിടാന്‍ വകുപ്പുതല നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് പിന്നാലെ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വകുപ്പ്. ജനക്കൂട്ടം പിടിച്ചുനല്‍കുന്ന പ്രതികളെ നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകരുത്. വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സ്‌റ്റേഷനിലേക്ക് കൊണ്ടുപേകാവൂ എന്നാണ് പൊലീസുകാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ കേരളത്തിലുണ്ടായ കസ്റ്റഡി മരണങ്ങളെക്കുറിച്ചും നേരിട്ടും അല്ലാതെയുമായി പൊലീസുകാര്‍ പ്രതികളാവുന്ന കൊലപാതകങ്ങളുടെ കണക്കുകളെക്കുറിച്ചും ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പൊലീസ് പ്രതിസ്ഥാനത്ത് വരികയും പൊലീസിനെതിരെ വിമര്‍ശനങ്ങളുയരുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ട്.

സ്‌റ്റേഷന്‍ ലോക്കപ്പിലുള്ള പ്രതികളുടെ വിവരങ്ങള്‍ ഉടന്‍ ജില്ലാപൊലീസ് മേധാവിയെ അറിയിക്കണം. അതീവ ഗുരുതര കേസുകളിലൊഴികെ രാത്രികാല കസ്റ്റഡി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വാഹനത്തിന് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന സംഭവങ്ങളില്‍ പിന്തുടര്‍ന്ന് പിടികൂടണ്ട. സുരക്ഷിത നടപടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. അടിപിടി കേസുകളില്‍ രാത്രിയില്‍ കസ്റ്റഡിയില്‍ എടുക്കേണ്ടെന്നും നിര്‍ദ്ദേശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more