ന്യൂദല്‍ഹി: ജോലി നല്‍കുന്നതിന് പകരം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി ബി.ജെ.പി യുവാക്കളെ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 76ാമത് റിപ്പബ്ലിക് ദിനത്തില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
ഭരണനേതൃത്വം യുവാക്കളെ ദേശീയതയുടെയും മത മേധാവിത്വത്തിന്റെയും പതാക കൊണ്ടുനടക്കാനാണ് പ്രേരിപ്പിക്കുന്നതെന്നും കപട ദേശീയതയാണ് അവര്‍ ഉന്നയിക്കുന്നതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതേസമയം യുവാക്കളെ ഇത്തരം കാര്യങ്ങളിലേക്ക് തള്ളി വിടുന്ന നേതൃത്വം അവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ഭരിക്കുന്ന കേന്ദ്രത്തിനെതിരെ ഖാര്‍ഗെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മതമൗലിക വാദത്തില്‍ ഊന്നിക്കൊണ്ട് വിദ്വേഷപരമായ അജണ്ടയാണ് ബി.ജെ.പി മുന്നോട്ട് കൊണ്ടുപോവുന്നതെന്നും സമൂഹത്തെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് ഭിന്നിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഖാര്‍ഗെ പറഞ്ഞു.
ഭരണഘടനയുടെ തത്വങ്ങളെയെല്ലാം ബി.ജെ.പി തങ്ങളുടെ അജണ്ടകളിലൂടെ നശിപ്പിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. ഭരണഘടനയുടെ ആശയങ്ങളും ആദര്‍ശങ്ങളും നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സംരക്ഷിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും ത്യാഗങ്ങള്‍ ചെയ്യാന്‍ തയ്യാറാകണമെന്നും പറഞ്ഞ അദ്ദേഹം അത് തന്നെയാണ് തങ്ങളുടെ പൂര്‍വികരെ സ്മരിക്കാനുള്ള മാര്‍ഗമെന്നും കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയ്‌ക്കെതിരായി നടക്കുന്ന നിരന്തര ആക്രമണങ്ങള്‍ക്ക് രാജ്യം എങ്ങനെയാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും ഇന്ത്യന്‍ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ അധഃപതനമാണ് ഭരണകക്ഷികള്‍ അഴിച്ചുവിടുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.
ഭരണഘടനാ സ്ഥാപങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പതിവാണെന്നും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ദിനംപ്രതി വെട്ടികുറയ്ക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.
നിലവിലെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തില്‍ ആശങ്കയുണ്ടെന്നും ഭരിക്കുന്ന സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവണത കാരണം നിരവധി പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളെയും എസ്.സി, എസ്.ടി, ദരിദ്രര്‍, ഒ.ബി.സി എന്നീ വിഭാഗങ്ങളെ രണ്ടാം തരം പൗരന്മാരായാണ് പരിഗണിക്കുന്നതെന്നും അവര്‍ക്കെതിരായ അക്രമങ്ങള്‍ സ്ഥിരം സംഭവങ്ങളായി മാറിയിരിക്കുകയാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Content Highlight: Instead of providing jobs, BJP is using youth for divisive politics: Mallikarjun Kharge