| Tuesday, 17th January 2023, 2:21 pm

പര്‍പ്പിള്‍ ക്യാപ്പും ഓറഞ്ച് ക്യാപ്പും ഒക്കെ ഔട്ട് ഓഫ് ഫാഷന്‍, ഇവിടെ ഫുള്‍ വെറൈറ്റി; ഇത് ക്രിക്കറ്റോ WWEയോ എന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മുമ്പില്‍ നില്‍ക്കുന്ന താരത്തിനും മികച്ച വിക്കറ്റ് വേട്ടക്കാരനും അംഗീകാരം നല്‍കുന്നത് പതിവാണ്. ഐ.പി.എല്ലില്‍ അത് ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പുമാണ്.

റണ്‍വേട്ടയില്‍ മുമ്പില്‍ നില്‍ക്കുന്ന താരത്തിന് ഓറഞ്ച് ക്യാപ്പ് ലഭിക്കുമ്പോള്‍ വിക്കറ്റ് വേട്ടക്കാരന് പര്‍പ്പിള്‍ ക്യാപ്പാണ് ലഭിക്കുന്നത്. മറ്റ് താരങ്ങളില്‍ നിന്നും ഇവരെ വേറിട്ട് തിരിച്ചറിയാനും ഈ ക്യാപ്പുകള്‍ സഹായിക്കും.

എന്നാല്‍ ക്രിക്കറ്റില്‍ ഒരിത്തിരി റെസ്‌ലിങ് ടച്ച് നല്‍കിയാലോ? അത് തന്നെയാണ് ഐ.എല്‍.ടി-20യില്‍ സംഭവിച്ചിരിക്കുന്നത്. ക്യാപ്പുകള്‍ക്ക് പകരം ഇവിടെ ബെല്‍റ്റുകളാണ് നല്‍കുന്നത്.

പ്രൊഫഷണല്‍ റെസ്‌ലിങ്ങിലെയും എം.എം.എയിലെയും ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഐ.എല്‍.ടി-20 ബെല്‍റ്റുകള്‍ ഒരുക്കിയിരിക്കുന്നത്. ലീഡിങ് റണ്‍ ഗെറ്റര്‍ക്ക് പച്ച നിറത്തിലുള്ള ബെല്‍റ്റും വിക്കറ്റ് ടേക്കറിന് വെള്ള ബെല്‍റ്റുമാണ് ഇവര്‍ സമ്മാനിക്കുന്നത്.

പച്ചയും വെള്ളയും സ്ട്രാപ്പില്‍ ടൂര്‍ണമെന്റിന്റെ ലോഗോ ഉള്‍പ്പെടുന്ന മെയ്ന്‍ പ്ലേറ്റും സൈഡ് പ്ലേറ്റുകളും ഉള്‍പ്പെടുത്തിയാണ് ബെല്‍റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ സ്വന്തം റോബിന്‍ ഉത്തപ്പക്കാണ് ടൂര്‍ണമെന്റില്‍ ആദ്യമായി ഗ്രീന്‍ ബെല്‍റ്റ് ലഭിച്ചത്. ടൂര്‍ണമെന്റില്‍ ദുബായ് ക്യാപ്പിറ്റല്‍സിന്റെ താരമാണ് ഉത്തപ്പ. ഗള്‍ഫ് ജയന്റ്‌സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ചതോടെയാണ് ഉത്തപ്പ ഗ്രീന്‍ ബെല്‍റ്റിനുടമയായത്. 46 പന്തില്‍ നിന്നും 79 റണ്‍സാണ് ജയന്റ്‌സിനെതിരെ ഉത്തപ്പ നേടിയത്.

ഉത്തപ്പക്ക് ‘ചാമ്പ്യന്‍ഷിപ്പ്’ ബെല്‍റ്റ് ലഭിച്ചതിന് പിന്നാലെ ആരാധകരും വണ്ടറടിച്ചിരിക്കുകയാണ്. ഇത് ക്രിക്കറ്റ് തന്നെയാണോ അതോ ഡബ്ല്യൂ.ഡബ്ല്യൂ.ഇയാണോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.

ഇന്ത്യന്‍ ഫ്രാഞ്ചൈസികളായ മുംബൈ ഇന്ത്യന്‍സിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും ടീമുകള്‍ ഐ.എല്‍.ടി-20യില്‍ കളിക്കുന്നുണ്ട്. മുംബൈ എമിറേറ്റ്‌സ്, ദുബായ് ക്യാപ്പിറ്റല്‍സ്. അബുദാബി നൈറ്റ് റൈഡേഴ്‌സ് എന്നിങ്ങനെയാണ് ടീമുകള്‍.

ഗള്‍ഫ് ജയന്റ്‌സ്, ഷാര്‍ജ വാരിയേഴ്‌സ്, ഡസേര്‍ട്ട് വൈപ്പേഴ്‌സ് എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍.

ഷാര്‍ജ വാരിയേഴ്‌സും മുംബൈ എമിറേറ്റ്‌സും തമ്മിലാണ് ടൂര്‍ണമെന്റിലെ ഇന്നത്തെ മത്സരം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.

Content Highlight: Instead of caps, belts are awarded to leading run getter and wicket taker in ILT20

We use cookies to give you the best possible experience. Learn more