തെഹ്‌റാൻ: യെമനിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ-അബ്ദുള്ളാഹിയൻ. യെമനിൽ ആക്രമണം നടത്തുന്നതിന് പകരം ഇസ്രഈലിന് നൽകുന്ന പിന്തുണ പിൻവലിക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യക്കെതിരെ ഹൂത്തികൾ നടത്തുന്ന ആക്രമണം പ്രശംസനീയമാണെന്ന് പറഞ്ഞ അമീർ-അബ്ദുള്ളാഹിയൻ ഇസ്രഈലി കപ്പലുകൾ മാത്രമാണ് ഹൂത്തികൾ ആക്രമിക്കുന്നതെന്നും പറഞ്ഞു. കൂടാതെ അമേരിക്ക ഇസ്രഈലിന് നൽകുന്ന പിന്തുണ പിൻവലിച്ചാൽ ഈ മേഖലയിലെ സുരക്ഷിതത്വം വീണ്ടും വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഇറാൻ വിദേശകാര്യ വക്താവ് നാസർ കനാനിയും അമേരിക്കയുടെയും യു.കെയുടെയും സംയുക്ത വ്യോമാക്രമണത്തെ അപലപിച്ചിരുന്നു.
അതിനിടെ യെമനിൽ യു.എസ്, യു.കെ ആക്രമണം നടത്തുന്നത് മേഖലയിൽ സംഘർഷം വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ചൈനീസ് അംബാസഡർ ഷാങ് ജുൻ പറഞ്ഞു.
കൂടാതെ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി യു.എസിലെ എം.പിമാരും രംഗത്തെത്തിയിരുന്നു. ഈ ആക്രമണം നിയമവിരുദ്ധവും അമേരിക്കൻ ഭരണഘടനയുടെ ലംഘനമാണെന്നും അവർ പറഞ്ഞു.
എം.പിമാരുടെ വിമർശനത്തിനു പിന്നാലെ വാഷിങ്ടണിലും ന്യൂയോർക്കിലും നിരവധി പ്രതിഷേധങ്ങളാണ് നടന്നത്. ‘ലെറ്റ് യെമൻ ഫ്രീ’, ‘ഹാൻഡ്‌സ് ഓഫ് യെമൻ’ തുടങ്ങി നിരവധി മുദ്രാവാക്യങ്ങൾ മുഴക്കി ആളുകൾ വൈറ്റ് ഹൗസിൽ മുന്നിലും സംഘടിച്ചു.
യുദ്ധം തുടങ്ങിയത് മുതൽ അമേരിക്ക ഇസ്രഈലിന് പിന്തുണ നൽകുന്നുണ്ട്. കൂടാതെ ഇതുവരെ 10000 ടണ്ണിൽ അധികം മിലിട്ടറി ഹാർഡ്‌വെയറുകൾ അമേരിക്ക ഇസ്രഈലിന് കൈമാറിയതായി റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള യു.എന്നിൻ്റെ പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു.
Content Highlights: Instead of attacking Yemen, US should stop backing Israeli war on Gaza says Iran