| Sunday, 17th November 2019, 8:54 am

വായു മലിനീകരണത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തു: നിയമ വിദ്യാര്‍ഥിക്ക് യു.പി പൊലീസിന്റെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് കൃഷി സ്ഥത്ത് വൈക്കോല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നിയമ വിദ്യാര്‍ഥിക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി.

നടപടി എടുക്കുന്നതിന് പകരം വീഡിയോ പോസ്റ്റ് ചെയ്ത ഇര്‍ഷാദ് ഖാന്‍ എന്ന് വിദ്യാര്‍ഥിയെ ഷീഷാഖണ്ഡ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ സുരേന്ദര്‍ സിംങ് പൗച്ചരി ഫോണില്‍ വിളിച്ച് ദേശീയ സുരക്ഷ ആക്ടും ഗുണ്ടാ ആക്റ്റും ചുമത്തി അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഉടന്‍ സ്റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ 10 വര്‍ഷം ജയിലില്‍ കിടത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ വിദ്യാര്‍ഥിയോട് പറയുന്നുണ്ട്. നവംബര്‍ ഒന്‍പതിനാണ് സംഭവം നടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ വീടിന് സമീപത്ത് വൈക്കോല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇര്‍ഷാദ് ഖാന്‍ സംഭവം ഷൂട്ട് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ ചെയ്യുകയായിരുന്നു. ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് വളരെ മോശമായിട്ടാണ് പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരിച്ചത്. ഇയാളുടെ രണ്ട് മിനുട്ട് നീണ്ടു നില്‍ക്കുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

”എന്റെ അനുമതിയില്ലാതെ നീ ഇതെങ്ങനെ ട്വീറ്റ് ചെയ്തു. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തണം. അല്ലെങ്കില്‍ നിനക്കെതിരെ ദേശീയ സുരക്ഷാ ആക്ടും ഗുണ്ടാ ആക്ടും ചുമത്തും. നിനക്ക് ഭ്രാന്താണോ, നിന്നെ ഞാന്‍ നിയമം പഠിപ്പിക്കും”
സുരേന്ദ്ര സിങ് പൗച്ചാരി വിദ്യാര്‍ഥിയോട് പറയുന്നതായി ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കാം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, താന്‍ തന്റെ സമീപത്തെ വായുമലിനീകരണം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും തനിക്ക് ശാരീരക വൈകല്യമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥനോട് വിദ്യാര്‍ഥി പറയുന്നുണ്ട്. എന്നാല്‍ ” നിന്റെ വൈകല്യം ഞാന്‍ ശരിയാക്കിത്തരുന്നുണ്ട്” എന്നായിരുന്നു പൊലീസ്‌കാരന്റെ മറുപടി.

സുരേന്ദര്‍ സിങ്ങിനെതിരെ നടപടിയെടുക്കുമെന്ന് റൂറല്‍ എസ്.പി സന്‍സര്‍ സിങ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more