ന്യൂദല്‍ഹി: മുത്തലാഖ് പ്രാകൃതമായ ആചാരമാണെന്നും അത് നിര്‍ത്തലാക്കണമെന്നും നടന്‍ നസീറുദ്ദീന്‍ ഷാ. മുത്തലാഖ് ദുര്‍വ്യാഖ്യാനിക്കപ്പെട്ട ദുരാചാരമാണ്. അത് ഇനിയും പിന്‍തുടരേണ്ട ആവശ്യമില്ലെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു. ഇന്ത്യ ടുഡേക്കു നല്‍കിയ അഭിമുഖത്തിലാണ് ഷാ ഇക്കാര്യം പറഞ്ഞത്.
മുത്തലാഖിനെ തടയാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. എത്രയും പെട്ടെന്ന് അത് നടപ്പാക്കുകയാണ് വേണ്ടതെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥന്റെ ജീവനേക്കാള്‍ പശുവിന്റെ ജീവന് വിലകല്‍പ്പിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ തന്റെ മക്കളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് നസീറുദ്ദിന്‍ ഷാ നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.
അതേസമയം, മുത്തലാഖ് ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുത്തലാഖ് ബില്‍ സ്ത്രീ ശാക്തീകരണത്തെ സഹായിക്കുന്നതല്ലെന്നും അത് മുസ്‌ലിം പുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതാണെന്നും കോണ്‍ഗ്രസ് എം.പി സുശ്മിതാ ദേവ് ആരോപിച്ചു.
മുത്തലാഖ് ക്രമിനില്‍ കുറ്റമാക്കണമെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ബില്ല് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.
“ബില്ല് ഏതെങ്കിലും സമൂഹത്തിനോ മതത്തിനോ എതിരല്ല. അത് നീതിക്കും സ്ത്രീസമത്വത്തിനും വേണ്ടിയുള്ളതാണ്. രാജ്യമെങ്ങും മുത്തലാഖുകള്‍ നടക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ ഓര്‍ഡിനന്‍സ് പാസാക്കിയത്. ആരെയും ബലിയാടാക്കാനല്ല ഞങ്ങളുടെ ശ്രമം” – രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മുത്തലാഖ് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്നാണ് കഴിഞ്ഞ വര്‍ഷം സുപ്രിം കോടതി വിധിച്ചത്. നിലവിലെ നിയമമനുസരിച്ച് മുത്തലാഖ് ചൊല്ലിയാല്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷയുണ്ട്.