ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ ജയിലുകളിലും പോലീസ് ലോക്കപ്പുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. കേന്ദ്രസര്‍ക്കാറിനും എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് ആര്‍. ഭാനുമതി എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചിന്റേതാണ് വിധി. ഒരു വര്‍ഷത്തിനുള്ളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ പോലീസ് സ്‌റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വനിതാ പോലീസുകാരെങ്കിലും വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളിലെ ഒഴിവുകള്‍ മൂന്നുമാസത്തിനുള്ളില്‍ നികത്തണമെന്ന് എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ദിലിപ് കെ. ഭാസു എന്നയാളുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്നും മനുഷ്യാവകാശ കമ്മീഷനിലെ ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.