| Monday, 10th October 2022, 10:28 pm

ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ റിപ്പോര്‍ട്ട് ചെയ്ത പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാം നീക്കം ചെയ്യും; ഇതുവരെ ഒഴിവാക്കിയത് 750 പോസ്റ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ ഐ.ടി സെല്ലിന്റെ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകള്‍ മറ്റൊരു നടപടിക്രമങ്ങളും കൂടാതെ ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തു. ആക്ഷേപ ഹാസ്യ പോസ്റ്റുകളിലൂടെ ശ്രദ്ധേയനായ കണ്ടന്റ് ക്രിയേറ്റര്‍ ക്രിഞ്ച്ആര്‍ക്കൈവിസ്റ്റ്(@cringearchivist) എന്ന യൂസറുടെ ഏഴ് പോസ്റ്റുകളാണ് ഇത്തരത്തില്‍ നീക്കം ചെയ്യപ്പെട്ടതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാളവ്യ ഇതുവരെ 750 പോസ്റ്റുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അവയെല്ലാം ഇന്‍സ്റ്റഗ്രാം നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘Superhumans of Cringetopia’ എന്ന അടിക്കുറിപ്പോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിമക്ക് പൂജ ചെയ്യുന്ന വ്യക്തിയുടെ ചിത്രം ക്രിഞ്ച്ആര്‍ക്കൈവിസ്റ്റ് പോസ്റ്റ് ചെയ്തിരുന്നത്. ഈ പോസ്റ്റാണ് ആദ്യം നീക്കം ചെയ്തിരുന്നത്.

‘ലൈംഗികത/നഗ്‌നതാ പ്രദര്‍ശനം’ എന്ന കാരണമാണ് ഇതൊഴിവാക്കാനുള്ള വിശദീകരണത്തില്‍ ഇന്‍സ്റ്റഗ്രാം പറഞ്ഞിരുന്നത്. എന്നാല്‍ ഈ കാരണം പോസ്റ്റില്‍ ഇല്ലാത്തതുകൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സിന്റെ സാങ്കേതിക പ്രശ്‌നമാകാമെന്നാണ് ക്രിഞ്ച്ആര്‍ക്കൈവിസ്റ്റ് ആദ്യം കരുതിയത്.

പക്ഷേ, തുടര്‍ന്ന് ഏഴ് പോസ്റ്റുകള്‍ കൂടി ഇത്തരത്തില്‍ നീക്കം ചെയ്തപ്പോഴുള്ള അന്വേഷണത്തിലാണ്
ഇന്‍സ്റ്റഗ്രാം പ്രത്യേകമായി അധികാരം നല്‍കിയ അക്കൗണ്ട് ഉടമയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് അറിയാന്‍ കഴിഞ്ഞത്.

‘മെറ്റ’യുടെ ‘എക്‌സ്-ചെക്ക്’ സംവിധാനം വഴിയാണ് ഇത്തരത്തില്‍ അധികാരം നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട അക്കൗണ്ടുകള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ട്, അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകളെല്ലാം നീക്കം ചെയ്യുന്ന സംവിധാനത്തെ കുറിച്ച് നേരത്തെ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എക്‌സ് ചെക്ക് സംവിധാനത്തിനെതിരെ അന്ന് തന്നെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. എല്ലാവര്‍ക്കും ബാധകമെന്ന് മെറ്റ പറയുന്ന നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ചിലര്‍ക്കുവേണ്ടി ഇളവ് ചെയ്യുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ഉപയോക്താക്കളുടെ ഭാഗത്തുനിന്നുണ്ടായിരുന്ന വിമര്‍ശനം.

ഇന്ത്യയില്‍ എക്‌സ് ചെക്ക് സംവിധാനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാരില്‍ ഒരാളാണ് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ. സോഷ്യല്‍ മീഡിയയില്‍ വ്യാജ വര്‍ത്തകള്‍ പ്രചരപ്പിച്ചതിനെതിരെ അമിത് മാളവ്യക്കെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു.

CONTENT HIGHLIGHTS: Instagram to remove posts reported by BJP IT cell chief

We use cookies to give you the best possible experience. Learn more