ജറുസലേം: ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പോസ്റ്റ് ചെയ്യുന്ന അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ഇന്‍സ്റ്റഗ്രാം. മുപ്പത് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള, ‘ഐ ഓണ്‍ ഫലസ്തീന്‍’ (Eye on Palestine) എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ല, എന്നാരോപിച്ചാണ് അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
ചില വ്യക്തികളെയും സ്ഥാപനങ്ങളെയും സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഐ ഓണ്‍ ഫലസ്തീന്‍ ലംഘിക്കുന്നുവെന്നാണ് മെറ്റ (Meta) അവകാശപ്പെടുന്നത്.
ഐ ഓണ്‍ ഫലസ്തീന്റെ തന്നെ മറ്റൊരു ബാക്ക്അപ്പ് അക്കൗണ്ട് വഴിയാണ് സസ്‌പെന്‍ഷന്‍ വിവരം സ്ഥിരീകരിച്ചത്. ഈ പോസ്റ്റിനൊപ്പം ഒരു സ്‌ക്രീന്‍ഷോട്ടും ബാക്ക് അപ്പ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
”2022 ഒക്ടോബര്‍ 19ന് ഞങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ തീരുമാനത്തോടുള്ള നിങ്ങളുടെ വിയോജിപ്പ് അറിയിക്കാന്‍ 30 ദിവസത്തെ സമയം നല്‍കുന്നു.
നിങ്ങളുടെ അക്കൗണ്ടോ അതിന്റെ പ്രവര്‍ത്തനങ്ങളോ അപകടകരമായ വ്യക്തികളെയും സംഘടനകളെയും കുറിച്ചുള്ള ഞങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല.
സസ്‌പെന്‍ഷനെ തുടര്‍ന്ന് ഐ ഓണ്‍ ഫലസ്തീന്‍ മണിക്കൂറുകളോളം ഉപയോക്താക്കള്‍ക്ക് ലഭ്യമായിരുന്നില്ല. പിന്നീട് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അക്കൗണ്ട് പുനഃസ്ഥാപിച്ചത്.
കഴിഞ്ഞ വര്‍ഷം മേയില്‍ ഗാസയില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയ സമയത്തെ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും നയങ്ങള്‍ ഫലസ്തീനികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതായിരുന്നു, എന്ന ഇന്റേണല്‍ മെറ്റ റിപ്പോര്‍ട്ടിലെ (internal Meta report) കണ്ടെത്തല്‍ പുറത്തുവന്നതിന് ആഴ്ചകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഐ ഓണ്‍ ഫലസ്തീന് മേലുള്ള ഈ താല്‍ക്കാലിക വിലക്കും വന്നത്.
Content Highlight: Instagram Meta suspended ‘Eye on Palestine’ account