ന്യൂദല്‍ഹി: സംഘപരിവാര്‍ പോര്‍ട്ടലായ ഓപ്ഇന്ത്യയുടെ അക്കൗണ്ട് പൂട്ടി ഇന്‍സ്റ്റഗ്രാം. നിരോധിത വസ്തുക്കളുടെ ഇടപാട് ചൂണ്ടിക്കാട്ടിയിരുന്നു അക്കൗണ്ട് ലോക്ക് ചെയ്തത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഇന്‍സ്റ്റഗ്രാം ഈ വിലക്ക് നീക്കുകയും ചെയ്തു.
സര്‍ക്കാര്‍ നിരോധിച്ച സ്ഫോടക വസ്തുക്കള്‍, തോക്കുകള്‍, ആയുധങ്ങള്‍, മൃഗങ്ങള്‍ എന്നിവയുടെ ഇടപാടാണ് വിലക്കിന് കാരണമായിരിക്കുന്നത്. ലഹരി, മയക്കുമരുന്ന് തുടങ്ങിയവയെ കമ്പനി അനുവദിക്കില്ലെന്നും ഇന്‍സ്റ്റഗ്രാം അറിയിച്ചതായാണ് വ്യക്തമാകുന്നത്.
അതേസമയം യുക്തിസഹമായ വിശദീകരണമാണ് നടപടിയില്‍ ഇന്‍സ്റ്റഗ്രാം നല്‍കിയതെന്ന് ഓപ്ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫ് നുപൂര്‍ ശര്‍മ പറഞ്ഞു. നുപൂര്‍ തന്നെയാണ് അക്കൗണ്ട് പൂട്ടിയ വിവരം എക്സിലൂടെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാം നല്‍കിയ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉൾപ്പെടെയാണ് നുപൂര്‍ ശര്‍മ ഇക്കാര്യം അറിയിച്ചത്.
തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തിയതെന്നും ഓപ്ഇന്ത്യ പറഞ്ഞു. അതേസമയം ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണ് ഇത്തരം വിലക്കുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ത്യയിലെ ഇടതുപക്ഷം ആരോപിക്കാറുണ്ടെന്നും നൂപുര്‍ എക്സില്‍ പറഞ്ഞു.
അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ തീവ്ര ഹിന്ദുത്വവാദികളും സംഘപരിവാര്‍ പ്രൊഫൈലുകളും നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. പിന്നാലെ അക്കൗണ്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്‍സ്റ്റഗ്രാം പിന്‍വലിക്കുകയും ചെയ്തു. കമ്പനിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്ഥാപനം ലംഘിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് വിലക്ക് നീക്കിയത്.
2020 ജൂണില്‍ നിരവധി കമ്പനികള്‍ ഓപ്ഇന്ത്യയുമായി ഒപ്പിട്ട പരസ്യ കരാര്‍ പിന്‍വലിച്ചിരുന്നു. പോര്‍ട്ടലില്‍ അമിതമായി വിദ്വേഷ പ്രചരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്പനികള്‍ കരാറില്‍ നിന്ന് പിന്മാറിയത്. യു.കെ ആസ്ഥാനമായുള്ള ഒരു അഭിഭാഷക ഗ്രൂപ്പിന്റെ സ്റ്റോപ്പ് ഫണ്ടിങ് ഹേറ്റ് എന്ന ക്യാമ്പയിന്റെ ഭാഗാമാണ് കമ്പനികള്‍ ഈ തീരുമാനത്തിലെത്തിയത്.
Content Highlight: Instagram has locked the account of Sangh Parivar portal OpIndia