മെറ്റാവേഴ്‌സ് എന്ന ഹാന്‍ഡില്‍ പേരിലുള്ള യൂസറെ ബ്ലോക്ക് ചെയ്തതിന് മാപ്പ് പറഞ്ഞ് ഇന്‍സ്റ്റഗ്രാം.
@Metaverse എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചിരുന്ന കലാകാരിയുടെ അക്കൗണ്ടായിരുന്നു ഒരു മാസത്തോളം ബ്ലോക്ക് ചെയ്തത്.
ഓസ്‌ട്രേലിയന്‍ ടെക്‌നോളജിസ്റ്റും ആര്‍ടിസ്റ്റുമായ തേ-മായ് ബൊവ്മന്റെ അക്കൗണ്ടായിരുന്നു ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തത്. ‘വേറൊയൊരാളായി നടിച്ചു’ എന്ന കാരണം പറഞ്ഞ് നവംബര്‍ രണ്ടിന് ബൊവ്മന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു.
ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവം വാര്‍ത്തയായതിന് പിന്നാല ഇന്‍സ്റ്റഗ്രാം തെറ്റ് സമ്മതിക്കുകയും മാപ്പ് പറയുകയുമായിരുന്നു.
ഇവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് അഞ്ച് ദിവസം മുമ്പ്, ഒക്ടോബര്‍ 28നായിരുന്നു ഫേസ്ബുക്കിന്റെ മാതൃകമ്പനി ‘മെറ്റ’ എന്ന പുതിയ പേരിലേക്ക് മാറിയത്.
മെറ്റ എന്ന കമ്പനിയുടെ പുതിയ പേരുമായി സാമ്യം തോന്നിക്കുന്നതിനാണ് മെറ്റാവേഴ്‌സ് എന്ന പേരിലുള്ള അക്കൗണ്ട് ബ്ലോക്ക് ചെയ്തത് എന്ന തരത്തിലായിരുന്നു പൊതുവെ പ്രതികരണങ്ങള്‍. എന്നാല്‍ കമ്പനി റീബ്രാന്‍ഡിങ്ങുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നതില്‍ ഇന്‍സ്റ്റഗ്രാം പ്രതികരിച്ചിരുന്നില്ല.
2012ലായിരുന്നു തേ-മായ് ബൊവ്മന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. ഇവരുടെ ഓഗ്മെന്റഡ് റിയാലിറ്റി ബിസിനസ് സ്ഥാപനത്തിന്റെ പേര് ‘മെറ്റാവേഴ്‌സ് മേക്കോവേഴ്‌സ്’ എന്നാണ്.
ഇന്‍സ്റ്റഗ്രാമില്‍ 1000ല്‍ താഴെ മാത്രം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഇവര്‍ക്ക് ഒക്ടോബര്‍ 28ലെ ഫേസ്ബുക്കിന്റെ പേരുമാറ്റത്തിന് പിന്നാലെ 2800 ഫോളേവേഴ്‌സ് ആയി വര്‍ധിച്ചിരുന്നു.