ക്രൊയേഷ്യ ഒരു ചെറിയ മീനല്ല
World cup 2018
ക്രൊയേഷ്യ ഒരു ചെറിയ മീനല്ല
ഷാരോണ്‍ പ്രദീപ്‌
Sunday, 10th June 2018, 4:37 pm

ലോകകപ്പ് ചര്‍ച്ചകള്‍ മുഴുവൻ നടക്കുന്നത് വളരെ കുറച്ച് ടീമുകളെ ചുറ്റിപറ്റിയാണ്. ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി എന്നീ ടീമുകളില്‍ നിന്ന് വളര്‍ച്ച പ്രാപിക്കാന്‍ നമ്മുടെ ഫ്ളക്സുകള്‍ക്കും, വാട്ട്‌സാപ്പ് സ്റ്റാറ്റസുകള്‍ക്കും ഇനിയും സാധിച്ചിട്ടില്ല. ഈ ലോകകപ്പില്‍ കപ്പ് നേടാന്‍ ഏറ്റവും സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഫ്രാന്‍സിന് പോലും ആരാധകര്‍ വളരെ കുറവാണ്. ഭൂതകാലകുളിരുകളിൽ അഭിരമിക്കുകയല്ലാതെ മറ്റ് ടീമുകളുടെ സാധ്യതകൾ വിലയിരുത്താൻ പോലും പലപ്പോഴും നമ്മൾ തയ്യാറാവുന്നില്ല. എന്നിരുന്നാലും ചെറുതല്ലാത്ത ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ ടീമുകളുടെ ആരാധകര്‍ നമുക്ക് ചുറ്റുമുണ്ട്. വിരലിൽ എണ്ണാവുന്ന ബെൽജിയം, കൊളംബിയ ആരാധകരെയും കാണാം. എന്നാൽ ചെറുതല്ലാത്ത ലോകകപ്പ് പ്രതീക്ഷകളുള്ള ക്രൊയേഷ്യ, പോളണ്ട്, ഓസ്ട്രിയ തുടങ്ങിയ ടീമുകൾ ചർച്ചകളുടെ നിഴലിലേക്ക് ഒതുങ്ങി പോവുകയാണ്. താരങ്ങളുടെ സമ്പന്നത മാത്രം പരിഗണനാ വിഷയമാവുകയാണെങ്കിൽ ഈ മുൻ നിര ടീമുകളുടെ കൂട്ടത്തിൽ മാറ്റി നിർത്തപ്പെടേണ്ടവരല്ല ക്രൊയേഷ്യ. മധ്യനിരയിലും, പ്രതിരോധത്തിലും, ആക്രമണത്തിലും മുൻ നിര ക്ലബുകളുടെ താരങ്ങളെ കൊണ്ട് സമ്പന്നമായ ക്രൊയേഷ്യക്ക് ഏത് വമ്പന്നേയും അട്ടിമറിക്കാനുള്ള ആയുധശേഷിയുണ്ട്. ക്രൊയേഷ്യയുടെ ലോകകപ്പ് സാധ്യതകളുടെ ഒരു വിശകലനമാണ് ഈ കുറിപ്പ്.



ക്രൊയേഷ്യൻ താരനിരയുടെ ആഴം അളക്കും മുമ്പ് ക്രൊയേഷ്യൻ രാഷ്ട്രീയ പശ്ചാത്തലം തന്നെ നോക്കാം. രാഷ്ട്രീയചരിത്രം ലോകകപ്പ് സാധ്യതകളെ തരിമ്പും സ്വാധീനിക്കില്ല എന്ന് അറിവില്ലാത്തത് കൊണ്ടല്ല ജർമനിയുടെ നാസി കാലഘട്ടവും, ബ്രിട്ടന്റെ കോളനി വാഴ്ചയും, അർജന്റീനയുടെ കമ്യൂണിസ്റ് ചായ്‌വും ലോകകപ്പ് അനുബന്ധ ചർച്ചകളാവുകയും ആ ജനതകളുടെ അടയാളപ്പെടുത്തലായി ലോകകപ്പ് മാറുകയും ചെയ്യുന്നത് കൊണ്ടാണ് ഈ ഒരു വശം പരിശോധിക്കുന്നത്. നൂറ്റാണ്ടുകളുടെ റോമൻ അധിനിവേശത്തിന്റെയും ചക്രവർത്തി ഭരണത്തിന്റെയും കഥ പറയാനുണ്ട് ക്രൊയേഷ്യൻ ജനതയ്ക്ക്. ഒന്നാം ലോക മഹായുദ്ധം വരെ ഓസ്ട്രിയയുടെയും ഹംഗറിയുടെയും ചക്രവർത്തിമാരാൽ ഭരിക്കപ്പെട്ട ക്രൊയേഷ്യൻ ജനത പിന്നീട് അലക്‌സാണ്ടർ രാജാവിന്റെ സ്വേച്ഛാധിപത്യത്തിനാണ് സാക്ഷ്യം വഹിച്ചത്. ക്രൊയേഷ്യ യൂഗോസ്ലോവാക്യ ആയി. രാജ്യത്ത് കമ്യൂണിസ്റ്റ് സരണികൾ സജീവമായതും ഈ കാലഘട്ടത്തിൽ തന്നെ. തുടർന്ന് വന്ന രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയുടെ ആക്രമണവും ഫാസിസ്റ് ഭരണവും ക്രൊയേഷ്യൻ ജനത അനുഭവിക്കേണ്ടി വന്നു. ഈ ഭരണകൂടത്തിനെതിരെ ടിറ്റോയുടെ നേതൃത്വത്തിൽ ശക്തമായ പോരാട്ടം നടത്തിയ കമ്യൂണിസ്റ്റ് ശക്തികൾ 1945ൽ ക്രൊയേഷ്യയെ ജർമൻ അധികാരത്തിൽ നിന്ന് മോചിപ്പിച്ചു. 1991 വരെ സ്വന്തമായി ഒരു അസ്ഥിത്വം ഇല്ലാതെ യൂഗോസ്ലോവാക്യയുടെ ഭാഗമായി തുടർന്ന ക്രൊയേഷ്യ പിന്നീട് സ്വാതന്ത്ര്യമായി. മറ്റേതൊരു മൂന്നാം ലോക രാജ്യത്തിന് പറയാനുള്ളത് പോലെ കൊച്ച് രാജ്യമായ ക്രൊയേഷ്യക്കും ഉണ്ട് പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും കഥകൾ. അത് ഒരു അർജന്റീനയുടെയോ ബ്രസീലിന്റെയോ ലോകകപ്പ് ചരിത്ര താളുകളുടെ കുത്തകയാവുന്നില്ല എന്ന് സൂചിപ്പിക്കുവാൻ മാത്രമാണ് ഇത്രയും പറഞ്ഞു വെയ്ക്കുന്നത്.

തൊണ്ണൂറുകൾ മുതൽ മാത്രം തുടങ്ങുന്ന നവീന കാലഘട്ടമുള്ള ഈ രാജ്യമെന്നാൽ ഫുട്‌ബോൾ പുസ്തകങ്ങളുടെ മുൻ നിരയിലേക്ക് വന്നത് വളരെ വേഗമാണ്. ഫിഫയുടെ റാങ്ക് പട്ടികയിൽ സ്ഥാനവുമായാണ് ക്രൊയേഷ്യ 1998ലെ ലോകകപ്പിൽ പങ്കെടുക്കുന്നത്. മടങ്ങിയത് മൂന്നാം സ്ഥാനക്കാരായും. ക്രൊയേഷ്യൻ ജനതയുടെ മനസ്സിലെ മറക്കാൻ പറ്റാത്ത വർഷമാണ് 1998. 4.2 മില്ല്യൻ ജനങ്ങൾ മാത്രമുള്ള ക്രൊയേഷ്യയെ അന്ന് ലോകകപ്പിന്റെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിച്ചത് ഡെവോർ സുക്കർ എന്ന രാജ്യത്തിന് ഒരിക്കലും മാറക്കാൻ പറ്റാത്ത ഫുട്‌ബോൾ ഇതിഹാസമാണ്. ഏഴ് കളികളിൽ നിന്ന് ആറു ഗോളുകൾ നേടിയ ആ പഴയ റയൽ മാഡ്രിഡുകാരനായിരുന്നു ആ ലോകകപ്പിലെ സ്വർണ്ണപാദുകം നേടിയെടുത്തത്. ഇന്നും ക്രൊയേഷ്യൻ ഫുട്ബാൾ അലമാരകളിൽ മാറ്റ് കുറയാതെ ആ പാദുകമുണ്ട്. അന്ന് പത്ത് വർഷത്തെ ഫുട്‌ബോൾ ചരിത്രം പോലുമില്ലാത്ത ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ വമ്പന്മാരായ ജർമനിയെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത് ഞെട്ടലോടെയാണ് ഫുട്‌ബോൾ ലോകം കണ്ടത്. അന്ന് ഫ്രാൻസിനോട് സെമിയിൽ തോറ്റ് മടങ്ങിയ ക്രൊയേഷ്യക്ക് സുക്കർ എന്ന ഒറ്റയാൾ പോരാളിക്ക് വേണ്ടി ഒരിക്കൽ കൂടെ ലോകകപ്പിൽ തങ്ങളെ അടയാളപ്പെടുത്തേണ്ടതുണ്ട്.



ഇന്ന് വലിയ ചർച്ചാ മുറികളിലും, മാധ്യമ വാർത്തകളും ക്രൊയേഷ്യയുടെ പേരില്ലെങ്കിലും ഒരു പറ്റം മികച്ച താരങ്ങളുമായാണ് അവർ റഷ്യയിൽ എത്തുന്നത്. മധ്യനിരയിൽ ബാഴ്‌സലോണയുടെയും റയൽ മാഡ്രിഡിന്റെയും കുപ്പായത്തിൽ മിന്നി കളിക്കുന്ന താരങ്ങൾ. കാല്പന്ത് കൊണ്ട് കവിതകൾ എഴുന്നവർ. ക്രിയാത്മകതയിൽ ലോകത്തിലെ തന്നെ മികച്ചവർ. കൂട്ടത്തിൽ എടുത്ത് പറയേണ്ടത് ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ചിനെ തന്നെ. തന്റെ സ്വർണ്ണ തലമുടി വശങ്ങളിലേക്ക് ചികഞ്ഞിട്ട് ഒരു യൂണിക്കോണിനെ അനുസ്മരിപ്പിക്കുന്ന വിധം മൈതാനത്തു പന്ത് തട്ടുന്ന മോഡ്രിച്ച്. കളത്തിൽ ആരും കാണാത്തത് കാണുന്നയാൾ. ചില പാസുകൾ കൊണ്ട് ടെലിവിഷൻ സ്‌ക്രീനിലെ ആകാശ കാഴ്ചയിലും നമ്മൾ ഇത്ര അന്ധരാണോ എന്ന് സംശയം ജനിപ്പിക്കുന്നയാൾ. പന്ത് മൈതാനത്ത് എവിടെയാണെങ്കിലും നമ്മുടെ ടെലിവിഷൻ സ്‌ക്രീനില്‍ മോഡ്രിച്ചുണ്ടാവും. ഒന്നുകിൽ അയാൾ ആക്രമണ നിരയ്ക്ക് പന്തെത്തിക്കാനുള്ള ഓട്ടത്തിലാവും അല്ലെങ്കിൽ പ്രതിരോധത്തിലെ പിഴവുകൾ അടയ്ക്കുന്ന തിരക്കിലാവും. ഈ കരുത്തൻ തന്നെയാണ് ക്രൊയേഷ്യയുടെ പുതിയ കാലത്തിന്റെ സുക്കർ. എന്നാൽ സുക്കറിന് ഇല്ലാതെ പോയ ഒരുപറ്റം മികച്ച സഹ കളിക്കാർ കൂടെ മോഡ്രിച്ചിന് സ്വന്തമായുണ്ട്. ബാഴ്‌സലോണയുടെ ഇവാൻ റാകിട്ടിച്ച്ആണ് അതിലൊരാൾ. ബാഴ്‌സയുടെ പല നിർണ്ണായാ കളികളും തീരുമാനിക്കപ്പെട്ടത് ഇവാന്റെ കാലുകളുടെ വേഗതയ്ക്ക് അനുസരിച്ചായിരുന്നു. ആരും പ്രതീക്ഷിക്കാതെ ബാഴ്‌സലോണയുടെ കുറിയ പാസ്സുകളുടെ കേളി ശൈലിയിൽ നിന്നും വ്യത്യസ്തമായി ഇവാൻ തൊടുക്കുന്ന നെടുനീളൻ ഷോട്ടുകൾ പലപ്പോഴും എതിരാളികളുടെ ഗോൾ വല തുളച്ചിട്ടുണ്ട്. ഗോൾ ബോക്സിന് പുറത്ത് നിന്ന് റാകിട്ടിച്ച് അടിക്കുന്ന പല ഷോട്ടുകളും നഷ്ടമാവാറുള്ളത് കടുകിട വ്യത്യാസത്തിലാണ്. മറ്റൊരു താരം റയൽ മാഡ്രിഡിന്റെ മത്തിയോ കോവാസിച്ചാണ്. കസമിറോയ്ക്കും ടോണി ക്രൂസിനും പകരം പലപ്പോഴും റയൽ മധ്യനിരയുടെ മിഡ്ഫീൽഡർ ജനറൽ ആയി കളിക്കാറുള്ള താരം. ഇവർ മൂന്ന് പേരും ഒന്നിക്കുന്നതാണ് ക്രൊയേഷ്യൻ മധ്യനിര. ലോകകപ്പിനെത്തുന്ന മറ്റേത് ടീമിനോടും കിടപിടിയ്ക്കുന്ന മൂവർ സംഘം. ഒരു പക്ഷെ സ്പെയിനിന് മാത്രമേ ഇത്രയും പ്രതിഭാധനവും പരിചയസമ്പത്തുള്ളതുമായ ഒരു മധ്യനിര ഈ ലോകകപ്പിൽ ഉള്ളു. ഇന്റർ മിലാൻ മധ്യനിര താരമായ ബ്രോസോവിച്ച്, ഇറ്റാലിയൻ ക്ലബ് ഫിയോരന്റീനയുടെ ക്യാപ്റ്റൻ മിലാൻ ബാഡ്ലേജ് എന്നിവർ കൂടെ ചേരുമ്പോൾ മധ്യനിരയുടെ കാര്യത്തിൽ ക്രൊയേഷ്യക്ക് ഭയപ്പെടാൻ ഏതുമില്ല.



ഇനി ആക്രമണ നിരയുടെ കാര്യം പരിശോധിക്കാം. ചാംപ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിൽ റയലിന്റെ വലയിലേക്ക് രണ്ട് തവണ നിറയൊഴിച്ച യുവന്റസിന്റെ മാരിയോ മൻഡ്സൂക്കിച്ചിനെ ഓർമ്മയില്ലേ? വശങ്ങളിൽ നിന്നും വരുന്ന ക്രോസുകൾ കൃത്യമായി ഗോളാക്കുന്ന മാൻഡ്സൂക്കിച്ച്, കഴിഞ്ഞ വേൾഡ് കപ്പിൽ വിങ്ങുകളിലൂടെ പന്തുമായി ഓടി എതിരാളികളുടെ പ്രതിരോധത്തെ ചിന്നഭിന്നമാക്കിയ ഇവാൻ പെരിസിച്ച്. ഇവർ രണ്ട് പേരുമാണ് ക്രൊയേഷ്യയുടെ ആക്രമണ ചുമതലയുള്ളവർ. കരുത്തരായ ഒരു മധ്യനിരയുള്ളപ്പോൾ ഭയക്കണം ഇരുവരെയും.

പ്രതിരോധം എല്ലാ കാലത്തും ക്രൊയേഷ്യയുടെ ബലഹീനതയായിരുന്നു. എന്നാൽ ഇത്തവണ ഒരു സ്റ്റാർ ഡിഫൻഡർ ടീമിലുണ്ട്. ഈ സീസണിലെ ലിവർപൂളിനെ ഐതിഹാസിക ചാംപ്യൻസ് ലീഗ് ഫൈനൽ പ്രവേശനത്തിൽ പ്രതിരോധ മതിൽ കെട്ടി ലിവറിനെ കാത്ത ലോവ്റൻ. വിദ, കോർലുക്ക എന്നീ താരങ്ങളും ചെറുതല്ലാത്ത പ്രകടനം കാഴ്ച വെയ്ക്കാൻ ശേഷിയുള്ളവരാണ്.

ഒരിക്കലും ലോകകപ്പ് നേടും എന്നൊന്നും അവകാശപ്പെടാൻ പറ്റില്ലെങ്കിലും നല്ലൊരു പ്രകടനം കാഴ്ച വെക്കാനുള്ള കരുത്തുണ്ട് ഈ ടീമിന്. എന്നാൽ വേൾഡ് കപ്പ് മത്സര ക്രമം ക്രൊയേഷ്യയെ സംബന്ധിച്ചിടത്തോളം നിർഭാഗ്യത്തിന്റേതാണ്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്യുന്നതെങ്കിൽ അടുത്ത മത്സരത്തിൽ നേരിടേണ്ടി വരിക ഈ വേൾഡ് കപ്പിലെ ഒന്നാം സീഡുകളായ ഫ്രാൻസിനെയായിരിക്കു. ഒട്ടും എളുപ്പമാവില്ല ആ മത്സരം. മുന്നോട്ട് കുത്തിക്കണമെങ്കിൽ ഗ്രൂപ്പിൽ ആർജന്റീനയെ ഉൾപ്പെടെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം കാരസ്ഥമാക്കുക എന്നതെ മാർഗ്ഗമുള്ളു. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒട്ടമണ്ടിയും, മഷെറാണോയും, റോക്കോയും കളിച്ചിട്ടും സ്പെയിനിനോട് ആറു ഗോളുകൾ വഴങ്ങിയ അർജന്റീനയെ പരാജയപ്പെടുത്തുക ഏറെ പ്രയാസകരമായിരിക്കില്ല. പ്രത്യേകിച്ചും അർജന്റീന ഗോളി സെർജിയോ റൊമേറെ കളിക്കില്ലാത്ത പശ്ചാത്തലത്തിൽ. അതിന് തന്നെയാവും ക്രൊയേഷ്യൻ ടീം ലക്ഷ്യമിടുന്നത്. സുക്കറിന് നഷ്ടമായത് മോഡ്രിച്ച് നേടുമെന്ന് വെറുതെ എങ്കിലും സ്വപ്നം കാണാം.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍