കുപ്പിവെള്ളം, ശീതളപാനീയം, ഐസ്‌ക്രീം കേന്ദ്രങ്ങളില്‍ പരിശോധന; ഏഴ് സ്ഥാപനങ്ങള്‍ക്ക് പൂട്ട്
Kerala News
കുപ്പിവെള്ളം, ശീതളപാനീയം, ഐസ്‌ക്രീം കേന്ദ്രങ്ങളില്‍ പരിശോധന; ഏഴ് സ്ഥാപനങ്ങള്‍ക്ക് പൂട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th March 2024, 10:01 am

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളം, ശീതളപാനീയം, ഐസ്‌ക്രീം എന്നിവയുടെ നിര്‍മാണ-വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ നടപടി. ഗുരുതര നിയമലംഘനങ്ങല്‍ നടത്തിയ ഏഴ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെപ്പിച്ചു. വേനല്‍ കടുത്തതോടെ ശീതളപാനീയങ്ങളുടെയും കുപ്പിവെള്ളത്തിന്റെ വില്‍പന വന്‍തോതില്‍ വര്‍ദ്ധിച്ചതോടെയാണ് സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി പരിശോധന നടത്തിയത്.

സംസ്ഥാന വ്യാപകമായി 815 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തിയത്. ഇതില്‍ നിയമലംഘനം നടത്തിയതായി വകുപ്പ് കണ്ടെത്തിയ 54 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 37 സ്ഥാപനങ്ങള്‍ കോമ്പൗണ്ടിങ് നോട്ടീസും നല്‍കി.

പരിശോധനയില്‍ 328 സര്‍വൈലന്‍സ് സാമ്പിളുകളും 26 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലാബുകളിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധ ഫലം വരുന്ന മുറക്ക് കൂടുതല്‍ നടപടികളുണ്ടാകും.

ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതളപാനീയങ്ങളുടെയും കുപ്പിവെള്ളത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കുടുതല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ശീതള പാനീയങ്ങള്‍ നിര്‍മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളവും ഐസുമെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം.

പ്ലാസ്റ്റിക് കുപ്പികളിലെ ശീതളപാനീയങ്ങളും വെള്ളങ്ങളും വെയിലേല്‍ക്കുന്ന രീതിയില്‍ സൂക്ഷിക്കുകയോ വെയിലേല്‍ക്കുന്ന രീതിയില്‍ തുറന്ന വാഹനങ്ങളില്‍ കൊണ്ടുപോകുകയോ ചെയ്യരുത്. ഉത്സവങ്ങലും മേളകളും നടക്കുന്ന ഇടങ്ങളില്‍ ഐസ്‌ക്രീം, ഐസ്‌കാന്‍ഡി, ശീതളപാനീയങ്ങള്‍, കുപ്പിവെള്ളം തുടങ്ങിയവ സുരക്ഷിതമായ രീതീയില്‍ തന്നെ വിപണനം നടത്തണം. ടൂറിസം കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ വ്യാപാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

content highlights: Inspection of bottled water, soft drink and ice cream outlets; Lockdown for seven institutions