മുംബൈ: വിരാട് കോഹ്‌ലിയെ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതാണെന്ന് റിപ്പോര്‍ട്ട്. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഏകദിന-ടി-20 ഫോര്‍മാറ്റുകളില്‍ രോഹിത് ശര്‍മ്മയായിരിക്കും ക്യാപ്റ്റനെന്നും ബി.സി.സി.ഐ അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ടി-20 ലോകകപ്പിന് മുന്‍പ് തന്നെ ടി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുന്നതായി കോഹ്‌ലി പറഞ്ഞിരുന്നു. എന്നാല്‍ ഏകദിന-ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരാനായിരുന്നു കോഹ്‌ലിയുടെ താല്‍പര്യം.
അതേസമയം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ (ഏകദിനം, ടി-20) രണ്ട് ക്യാപ്റ്റന്‍മാരെ അനുവദിക്കേണ്ട എന്നായിരുന്നു ബി.സി.സി.ഐയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വയം ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ ബി.സി.സി.ഐ, കോഹ്‌ലിയോട് നിര്‍ദേശിക്കുകയായിരുന്നു.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയും ബി.സി.സി.ഐയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുമായിരുന്നു കോഹ്‌ലിയുമായി ഇക്കാര്യം സംസാരിച്ചത്. മറുപടി നല്‍കാന്‍ 48 മണിക്കൂറും കോഹ്‌ലിയ്ക്ക് അനുവദിച്ചു.
‘ടി-20യിലും ഏകദിനത്തിലും വെവ്വേറെ ക്യാപ്റ്റന്‍മാരെ നിയമിക്കുന്നതില്‍ ബി.സി.സി.ഐയ്ക്ക് താല്‍പര്യമില്ലായിരുന്നു. നമ്മളെ സംബന്ധിച്ച് നേതൃപാടവത്തില്‍ സ്ഥിരത വേണം. വലിയ ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി നമുക്ക് ജയിക്കാനാകുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം,’ ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.
സെലക്ടര്‍മാര്‍ രോഹിത് ശര്‍മയില്‍ വിശ്വാസമര്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കോഹ്‌ലിയെക്കൂടാതെ പരിശീലകനായ രാഹുല്‍ ദ്രാവിഡുമായും ബി.സി.സി.ഐ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അനുവദിച്ച സമയത്തിന് ശേഷവും പ്രതികരിക്കാതിരുന്നതോടെ ബുധനാഴ്ച ബി.സി.സി.ഐ തന്നെ കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്നും മാറ്റുന്ന കാര്യം അറിയിക്കുകയായിരുന്നെന്നും അദ്ദേഹം ഇന്‍സൈഡ് സ്‌പോര്‍ട്ടിനോട് പറഞ്ഞു.
95 ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള വിരാട് 65 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. 27 മത്സരങ്ങളില്‍ മാത്രമാണ് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളത്.