| Sunday, 11th August 2019, 10:31 am

സോണിയയുടെ പേര് ശുപാര്‍ശ ചെയ്തത് ചിദംബരം; എണീറ്റുനിന്ന് എതിര്‍ത്ത് ആന്റണി; ഇരിക്കാന്‍ പറഞ്ഞ് സിന്ധ്യ; ഇന്നലെ നടന്നത് നാടകീയ സംഭവങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സോണിയാ ഗാന്ധി വീണ്ടും കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലെത്തിയിരിക്കുകയാണ്. രണ്ടുവര്‍ഷം മുന്‍പ് മകന്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി സ്ഥാനം രാജിവെച്ച സോണിയക്ക് മോശം അവസ്ഥയിലാണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കാന്‍ മുന്നോട്ടുവരേണ്ടിവന്നത്.

2017-ല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത  രാഹുല്‍, മേയ് 25-നു നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണു രാജി സമര്‍പ്പിച്ചത്. പൊതുതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി.

അതിനുശേഷമാണ് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഒരു പുതുമുഖത്തെ പരിഗണിക്കാന്‍ തുടങ്ങിയത്.

ഇന്നലെ വരെ പാര്‍ട്ടിയില്‍ ഒന്നിലധികം പേരുകള്‍ സജീവ ചര്‍ച്ചയിലുണ്ടായിരുന്നു. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ളവരുടെ പേരുകളായിരുന്നു അധികവും.

ഒടുവില്‍ പി. ചിദംബരമാണ് സോണിയയെ ഇടക്കാല അധ്യക്ഷയാക്കണമെന്നു ശുപാര്‍ശ ചെയ്തത്. പ്രവര്‍ത്തകസമിതി യോഗത്തിലായിരുന്നു ഇത്.

എന്നാല്‍ സോണിയ ഇതു നിഷേധിച്ചു. യോഗത്തിലുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ചിദംബരത്തെ എതിര്‍ത്തു. പക്ഷേ സോണിയ തയ്യാറാണെങ്കില്‍ ആര്‍ക്കും എതിര്‍ത്തു പറയാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു.

ചിദംബരത്തെ എതിര്‍ത്തുകൊണ്ട് എ.കെ ആന്റണി യോഗത്തില്‍ എഴുന്നേറ്റുനിന്നു. എന്നാല്‍ ആന്റണിയോട് ഇരിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. എന്തുകൊണ്ട് സോണിയ ആയിക്കൂടാ എന്നായിരുന്നു സിന്ധ്യ പറഞ്ഞത്.

സമിതിയുടെ തീരുമാനം അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറായില്ലെങ്കില്‍ സ്ഥാനമേറ്റെടുക്കാന്‍ സോണിയ മുന്നോട്ടുവരണമെന്ന് സിന്ധ്യ പറഞ്ഞു.

നെഹ്‌റു കുടുംബമില്ലാതെ പാര്‍ട്ടിക്കു പ്രവര്‍ത്തിക്കാനാവില്ലെന്ന അഭിപ്രായക്കാരായിരുന്നു അംബികാ സോണി, ആശാ കുമാരി, കുമാരി ശൈലജ എന്നിവര്‍. രാഹുലിനെ പറഞ്ഞു മനസ്സിലാക്കാന്‍ അവര്‍ സോണിയയോട് ആവശ്യപ്പെട്ടെങ്കിലും അവരതിനു തയ്യാറായില്ല.

ഒടുവില്‍ സമിതി അംഗങ്ങളുടെ തുടര്‍ച്ചയായ ആവശ്യത്തെത്തുടര്‍ന്നു 72-കാരിയായ സോണിയക്ക് സ്ഥാനമേറ്റെടുക്കേണ്ടി വന്നു.

സോണിയ പുതിയ സംഘത്തെ രൂപീകരിക്കുന്നതുവരെ എ.ഐ.സി.സിയില്‍ ഇപ്പോഴുള്ള ഭാരവാഹികളെ മാറ്റില്ലെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more