| Sunday, 16th June 2024, 3:28 pm

ആനിമേഷന്‍ ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണിങ്ങുമായി ഡിസ്നി - പിക്‌സര്‍ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുകയും മികച്ച അനിമേഷന്‍ ഫീച്ചറിനുള്ള ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത സിനിമയാണ് ഇന്‍സൈഡ് ഔട്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം ജൂണ്‍ 14നായിരുന്നു തിയേറ്ററില്‍ എത്തിയത്.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വിജയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയത്. കെല്‍സി മാന്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ എഴുതിയത് ആദ്യ ചിത്രത്തിന്റെ സഹ രചയിതാവായ മെഗ് ലെഫോവായിരുന്നു. മായ ഹേക്ക്, ആമി പോഹ്ലര്‍, ലൂയിസ് ബ്ലാക്ക്, ടോണി ഹെയ്ല്‍, ലിസ ലാപിറ തുടങ്ങിയവരാണ് രണ്ടാം ഭാഗത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത്.

ബോക്സ് ഓഫീസില്‍ ഒരു ആനിമേറ്റഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിങ്ങ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്‍സൈഡ് ഔട്ട്2. 150 മില്യണ്‍ ഡോളര്‍ മുതല്‍ 155 മില്യണ്‍ ഡോളറിന്റെ വരെ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം ബാര്‍ബിയുടെ 164 മില്യണ്‍ ഓപ്പണിങ്ങ് മറികടക്കാന്‍ സാധ്യതകള്‍ കുറവാണെങ്കില്‍ പോലും ഇന്‍സൈഡ് ഔട്ട് 2വിനെ ബാര്‍ബിയുമായാണ് താരതമ്യപ്പെടുത്തുന്നത്.

‘ഇന്‍ക്രെഡിബിള്‍സ് 2’വാണ് നിലവില്‍ ഓപ്പണിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 182.6 മില്യണ്‍ ഡോളറാണ് ഈ ചിത്രത്തിന്റെ ഓപ്പണിങ്ങ്. ഇത്രനാള്‍ രണ്ടാമതുണ്ടായിരുന്ന ‘ദി സൂപ്പര്‍ മാരിയോ ബ്രോസ് മൂവി’യെയാണ് ഇന്‍സൈഡ് ഔട്ട്2 മറികടന്നത്.

2015ലായിരുന്നു ഇന്‍സൈഡ് ഔട്ടിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. അന്ന് മുതല്‍ സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഡിസ്നിയും പിക്‌സര്‍ അനിമേഷന്‍ സ്റ്റുഡിയോസും ചേര്‍ന്ന് റിലീസ് ചെയ്ത ഈ സിനിമ മറ്റ് അനിമേഷന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമാണ്.

ഒരു മനുഷ്യന് അവന്റെ ഓരോ ഓര്‍മകളും എത്ര പ്രധാനപെട്ടതാണ് എന്ന് വളരെ ഭംഗിയായി കാണിക്കുന്ന സിനിമയാണ് ഇന്‍സൈഡ് ഔട്ട്. ഓരോ സന്ദര്‍ഭത്തിലും ഒരാളുടെ തലച്ചോറിനുള്ളിലെ വികാരങ്ങള്‍ക്ക് ശരിക്കും ജീവന്‍ വെച്ചാല്‍ എങ്ങനെയുണ്ടാകുമെന്നാണ് ഇന്‍സൈഡ് ഔട്ട് എന്ന സിനിമ പറയുന്നത്.

Content Highlight: Inside Out2 Is The Second Biggest Opening For An Animated Film

We use cookies to give you the best possible experience. Learn more